ഫോട്ടോയിൽ നിങ്ങളുടെ വിരലടയാളം ഉണ്ട്
ഫോട്ടോയിൽ GPS ലൊക്കേഷൻ ഉണ്ടെന്നോ? അതെ ആദ്യം ഇതിനെക്കുറിച്ച് അറിഞ്ഞപ്പോൾ ഞാനും ഞെട്ടിപ്പോയി. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, നമ്മൾ സൃഷ്‌ടിക്കുന്നതോ പങ്കിടുന്നതോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നതോ ആയ എല്ലാ ഫയലുകളും കേവലം ഒരു ദൃശ്യത്തേക്കാൾ കൂടുതലാണ്. അതിനടിയിൽ മറഞ്ഞിരിക്കുന്ന മെറ്റാഡാറ്റ അഥവാ ഡാറ്റയെക്കുറിച്ചുള്ള ഡാറ്റക്ക് ആ ഫയലിനെയും അതിൻ്റെ സൃഷ്ടാവിനെയും കുറിച്ചുള്ള ധാരാളം വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയും.
സാധാരണ ഒരാൾക്ക് ഇതിനെകുറിച്ച് വലിയ ധാരണ ഉണ്ടാവില്ല. മെറ്റാഡാറ്റ വ്യക്തിഗത സ്വകാര്യതയ്ക്കും ഡിജിറ്റൽ അണോണിമിറ്റിക്കും ഗുരുതരമായ ഭീഷണിയാണ്. ഡിജിറ്റൽ ഫയലുകളിൽ(JPG,MP4,PDF,DOC..etc) പ്രസ്തുത ഫയലിനെ കുറിച്ചുള്ള പ്രത്യേക വിവരങ്ങളാണ് മെറ്റാഡാറ്റയിൽ ഉണ്ടാവുക. ഒരു ഫയലിന്റെ മെറ്റാഡാറ്റയിൽ അത് ഉണ്ടാക്കിയ തീയതി, ക്രിയേറ്റർ, ഫയലിന്റെ എഡിറ്റിംഗ് ഹിസ്റ്ററി, GPS കോർഡിനേറ്റുകൾ, ഉപയോഗിച്ച ഉപകരണം, സോഫ്‌റ്റ്‌വെയർ എന്നിവ പോലുള്ള പല വിശദ വിവരങ്ങളും ഉണ്ടാവും. ഫയൽ സിസ്റ്റത്തിന് ഫയലുകൾ മാനേജ് ചെയ്യാനും ഓർഗനൈസ് ചെയ്യാനും സഹായിക്കുന്നതിന് ഉപകരണങ്ങളും ആപ്ലിക്കേഷനുകളും ഈ ഡാറ്റ സ്വയമേവ സൃഷ്‌ടിക്കുന്നതാണ്. എന്നാൽ ഈ മെറ്റാഡാറ്റ ആ ഫയൽ ഉണ്ടാക്കിയ ആളെ ട്രേസ് ചെയ്ത് കണ്ടെത്താൻ കഴിയുന്ന ഒരു ഡിജിറ്റൽ ഫിംഗർപ്രിൻ്റ് ആണ് ശരിക്കും സൃഷ്‌ടിക്കുന്നത്.
ഉദാഹരണത്തിന്, ഒരു സ്മാർട്ട്‌ഫോൺ കൊണ്ട് എടുക്കുന്ന ഫോട്ടോയിൽ സാധാരണയായി എക്‌സ്‌ചേഞ്ചബിൾ ഇമേജ് ഫയൽ ഫോർമാറ്റ് (EXIF) മെറ്റാഡാറ്റ ഉണ്ടാവും, അത് നിങ്ങളുടെ ഫോണിൻ്റെ മോഡൽ, ഫോട്ടോ എടുത്ത കൃത്യമായ തീയതി, സമയം, അതിലും പ്രധാനമായി, GPS ടാഗിങ് ഓൺ ആണെങ്കിൽ അതിലൂടെ നിങ്ങളുടെ GPS ലൊക്കേഷന്റെ കോർഡിനേറ്റുകൾ വരെ സ്റ്റോർ ചെയ്യും. ഒരു ഫയലിലെ മെറ്റാഡാറ്റ എന്നത് ആ ഫയലിനെ കുറിച്ചുള്ള പശ്ചാത്തലമോ സാങ്കേതിക വിവരങ്ങളോ നൽകാനാണ്, അവ ഫയലിന്റെ കോൺടെന്റിന്റെ ഭാഗമല്ല അവ ഫയലിൽ പ്രത്യേകം ഒരിടത്താണ് സ്റ്റോർ ആവുന്നത്. അതിനാൽ സാധാരണ ഫയൽ വ്യൂവറുകൾ ഉപയോഗിച്ച് നമുക്ക് ഇവയെ വീക്ഷിക്കാൻ കഴിയില്ല. എന്നാൽ ശരിയായ ടൂളുകൾ (ExifTool) ഉപയോഗിച്ച് മറഞ്ഞിരിക്കുന്ന ഈ ഡാറ്റയെ പുറത്തെടുക്കാൻ എളുപ്പമാണ്.
ഉദാഹരണത്തിന് എന്റെ കമ്പ്യൂട്ടറിൽ ExifTool വഴി ഞാൻ എന്റെ ഫ്രണ്ട് വാട്സ്ആപ്പിൽ അയച്ച വെഡിങ് ഫോട്ടോഷൂട്ടിന്റെ ഫോട്ടോകളിലെ മെറ്റാഡാറ്റയിൽ അത് എഡിറ്റ് ചെയ്ത സോഫ്റ്റ്‌വെയറിൽ സ്റ്റോർ ആയ എഡിറ്റ് ചെയ്ത ആളുടെ പേര്, സോഫ്റ്റ്‌വെയറിന്റെ പേര്, ഉപയോഗിച്ച ക്യാമറയുടെ പേര്, അത് എടുത്ത സമയം, മോഡിഫൈ ചെയ്ത സമയം തുടങ്ങി ഒരുപാട് വിവരങ്ങൾ ഉണ്ടായിരുന്നു. ഞാൻ കോളേജിൽ വച്ച് എടുത്ത ഒരു പഴയ ഫോട്ടോയിൽ കോളേജിന്റെ ലൊക്കേഷന്റെ കൃത്യമായ GPS കോർഡിനേറ്റ്സ് വരെ ഉണ്ടായിരുന്നു.
നിങ്ങൾ ഓഫിസിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിലെ മൈക്രോസോഫ്റ്റ് വേഡ്, അഡോബി അക്രൊബാറ്റ് പോലുള്ള വേഡ് പ്രോസസറുകളിൽ സൃഷ്‌ടിക്കുന്ന ഡോക്യുമെൻ്റുകളിൽ (pdf,doc..etc) പലപ്പോഴും രചയിതാവിൻ്റെ പേര്, യൂസർ നെയിം എന്നു തുടങ്ങി ചിലപ്പോൾ കമ്പനിയുടെ പേര് പോലും അടങ്ങിയിട്ടുണ്ടാവും. ഇത് പലപ്പോഴും ലോകമെങ്ങുമുള്ള പത്രപ്രവർത്തകരുടെ അണോണിമിറ്റിക്ക് ഭീഷണി ആയിട്ടുണ്ട്.
2005-ൽ, ഇറാഖ് യുദ്ധത്തെക്കുറിച്ചുള്ള ഒരു ക്ലാസിഫൈഡ് മെമ്മോ ചോർത്തിയ ഒരു ബ്രിട്ടീഷ് സിവിൽ സർവീസുകാരൻ്റെ വ്യക്തിത്വ വിവരം വേഡ് ഡോക്യുമെൻ്റിലെ മെറ്റാഡാറ്റ കാരണമാണ് വെളിപ്പെട്ടത്. 2012-ൽ, ഹാക്കറും ആക്ടിവിസ്റ്റുമായ ജോൺ മക്കാഫി ഗ്വാട്ടിമാലയിൽ ഒളിവിൽ കഴിയുന്ന വിവരം പുറത്തു വന്നത് കൂടെയുള്ള ഒരു ജേണലിസ്റ്റ് എടുത്ത ഫോട്ടോ ഓൺലൈനിൽ അപ്‌ലോഡ് ചെയ്ത് ഷെയർ ചെയ്തപ്പോഴാണ്. ആ ഫോട്ടോയിലെ മെറ്റാഡാറ്റയിൽ ആ സ്ഥലത്തിന്റെ GPS കോർഡിനേറ്റ്സ് ഉണ്ടായിരുന്നു. പക്ഷെ സൈബർ കുറ്റവാളികളെ പിടികൂടാൻ സൈബർ ഫോറെൻസിക് മുഖേന ഇൻവെസ്റ്റിഗേഷൻ ഏജസികളെ സഹായിക്കുന്നതും ഇതേ മെറ്റാഡാറ്റയാണ് എന്നതും സത്യമാണ്.
എന്നാൽ പത്രപ്രവർത്തകർ, വിസിൽബ്ലോവർമാർ, ആക്ടിവിസ്റ്റുകൾ അല്ലെങ്കിൽ അജ്ഞാതരായി പ്രവർത്തിക്കുന്ന ആർക്കും, ഇത്തരം വെളിപ്പെടുത്തൽ സ്റ്റേറ്റിന്റെ നിരീക്ഷണത്തിനോ നിയമപരമായ പ്രത്യാഘാതങ്ങൾക്കോ ശാരീരിക ഉപദ്രവത്തിനോ വരെ ഇടയാക്കും. മെറ്റാഡാറ്റ വഴി ഐഡന്റിറ്റി വെളിപ്പെടാതിരിക്കാൻ ആദ്യം ചെയ്യേണ്ടത് അതിനെകുറിച്ച് ബോധവാന്മാരാകുക എന്നതാണ്. ഫയലുകൾ ഷെയർ ചെയ്യുന്നതിന് മുമ്പ്, മെറ്റാഡാറ്റ നീക്കം ചെയ്യാൻ സോഫ്റ്റ്‌വെയർ ടൂളുകൾ (MAT2, ExifTool, അല്ലെങ്കിൽ Adobe Acrobat പോലുള്ള ആപ്പുകളിലെ ബിൽറ്റ്-ഇൻ ഫീച്ചറുകൾ) ഉപയോഗിക്കുക. അജ്ഞാതത്വം സ്വകാര്യത എന്നിവ നിർബന്ധമുള്ളപ്പോൾ, വ്യക്തിഗത വിവരങ്ങളുമായി ലിങ്ക് ചെയ്യാത്ത ഉപകരണങ്ങളും അക്കൗണ്ടുകളും ഉപയോഗിക്കുക. ജിപിഎസ് ഫീച്ചറുള്ള സ്മാർട്ട്ഫോണുകളിലും ഡിജിറ്റൽ ക്യാമറകളിലും, ഫോട്ടോ എടുക്കുമ്പോഴുള്ള ഓട്ടോമാറ്റിക് ജിയോടാഗിംഗ് ഓഫാക്കി ഇടുക.
Comments
Post a Comment