ഇല്ലുമിനാറ്റി - ലോകം ഭരിക്കുന്നവർ !

Image
2300 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ രൂപം കൊണ്ട ഒരു നിഗൂഢമായ ഒരു സംഘം ഉണ്ടായിരുന്നു... ഇല്ലുമിനാറ്റികൾ എന്ന് കേൾക്കുമ്പോൾ നമ്മൾ ആദ്യം ചിന്തിക്കുന്നത് അത് ഏതോ യൂറോപ്യൻ അധോലോകത്തിന്റെ വലിയ ഒരു സംഭവമാണ് എന്നായിരിക്കാം. എന്നാൽ ഇല്ലുമിനാറ്റി എന്ന നിഗൂഡമായ പ്രസ്ഥാനം പോലെ ആദ്യമായി ഉണ്ടായതിൽ ഒന്ന് നമ്മൾ ഇന്ത്യക്കാരുടെ തന്നെയാണ് എന്ന് കേൾക്കുമ്പോൾ നമ്മൾ ചിലപ്പോൾ ആശ്ചര്യപ്പെട്ടു പോയേക്കാം. ഇതിനെ കുറിച്ചു ലഭ്യമായ തെളിവുകൾ ആദ്യമായി എഴുതിയത് ഒരു ഫ്രഞ്ച് എഴുത്തുകാരൻ ആണ് ,അതിനു ശേഷം ഇന്ത്യയിൽ 25 വർഷം ജോലി ചെയ്ത ബ്രിട്ടീഷ്‌ പോലീസ് ഓഫീസറായാ ടാൽബോട് മുണ്ടി ഇതിനെ കുറിച്ചു കുറേയേറെ സത്യവും മിഥ്യയും ചേർത്തു ഒരു പുസ്തകം നോവൽ രൂപത്തിൽ എഴുതിയിട്ടുണ്ട്.  പിതാവായ ചന്ദ്രഗുപ്ത്തനേ പോലെ ഈ ലോകം മുഴുവൻ കീഴടക്കുവാൻ മഹാനായ അശോക ചക്രവർത്തി തിരുമാനിച്ചു. അങ്ങനെ കലിംഗ കീഴടക്കുവാൻ പുറപ്പെട്ട അശോക ചക്രവർത്തിക്ക് കലിഗ നിവാസികളുടെ ഭാഗത്ത് നിന്നും അതിരൂക്ഷമായ ചെറുത്ത് നില്പ് നേരിടേണ്ടി വന്നു. ആ യുദ്ധത്തിൽ ഏകദേശം ഒരുലക്ഷത്തില്പരം പുരുഷമാർ മരിച്ചു വീണതായി കരുതുന്നു. യുദ്ധാനന്തരം പോർമുഖം സന്ദർശിച്ച ചക്രവർത്തി അവിടെ കണ്ട കാഴ്ച

ലോകം കീഴടക്കാൻ കൊതിച്ചവർ

യുദ്ധം തുടര്‍ കഥയാവുകയും യുദ്ധത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വരികയും, യുദ്ധമുതലാളിമാരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ലോകം മുഴുവനുമുള്ള വിഭവങ്ങള്‍ വെട്ടിപ്പിടിക്കാന്‍ വെമ്പല്‍ കൊള്ളുന്ന സാമ്രാജ്യത്വം, വിഭവങ്ങള്‍ കുന്നു കൂട്ടുകയും അതിനെതിരെ നില്‍ക്കുന്ന രാജ്യങ്ങളെ അനാവശ്യ യുദ്ധങ്ങളിലേക്ക് വലിച്ചിഴക്കുകയും ചെയ്യുന്നു. സ്വേച്ഛാധിപത്യവും രാജ്യങ്ങൾ പിടിച്ചടക്കലും കീഴടക്കലും  കോളനിവാഴ്ചയും സാമ്രാജ്യത്വവുമെല്ലാം ആക്രമണ ശക്തിയും പണവുമാണ്‌ ഏകധനം എന്ന സിദ്ധാന്തവുമായാണ് ബന്ധപ്പെട്ട്  കിടക്കുന്നത്.

1933 മുതൽ 1945 വരെ ജർമ്മനിയുടെ സർവ്വാധിപതിയായിരുന്നു അഡോൾഫ് ഹിറ്റ്‌ലർ (1889 - 1945).   ഓസ്ട്രിയയിൽ ജനിച്ച ജർമൻ രാഷ്ട്രീയ പ്രവർത്തകനും ജർമ്മൻ നാസി പാർട്ടിയുടെ തലവനും ആയിരുന്ന ഹിറ്റ്‌ലറായിരുന്നു നാസി ജെർമ്മനിയുടേയും രണ്ടാം ലോക മഹായുദ്ധത്തിലെ യൂറോപ്പിന്റേയും ഹോളോകാസ്റ്റിന്റേയും കേന്ദ്രം. നാസിസത്തിന്റെ ഉപജ്ഞാതാവായാണ്  ഹിറ്റ്‌ലർ കരുതപ്പെടുന്നത്.

ഒന്നാം ലോക മഹായുദ്ധത്തിൽ സൈനികനായി ഹിറ്റ്‌ലർ പങ്കെടുത്തിട്ടുണ്ട്. പിന്നീട് എൻ.എസ്.ഡി.എ.പിയുടെ മുൻ രൂപമായിരുന്ന ജെർമൻ വർക്കേഴ്സ് പാർട്ടിയിൽ 1919ൽ ഹിറ്റ്‌ലർ അംഗമായി. 1921ൽ എൻ.എസ്.ഡി.എ.പിയുടെ തലവനുമായി. 1923 -ൽ ഹിറ്റ്‌ലർ ഭരണകൂടത്തെ പട്ടാള വിപ്ലവത്തിലൂടെ അട്ടിമറിക്കാൻ ശ്രമിച്ചു.  ഈ അട്ടിമറി ശ്രമം പരാജയപ്പെടുകയും പിടിയിലായ ഹിറ്റ്‌ലർ ജയിലിലടക്കപ്പെടുകയും ചെയ്തു. 1924ൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഹിറ്റ്‌ലറുടെ ജനപിന്തുണ വർദ്ധിക്കുകയാണുണ്ടായത്. ഊർജ്ജിത പ്രഭാവത്തോടെയുള്ള പ്രസംഗങ്ങളിലൂടെ ജെർമ്മൻ ദേശീയത, കമ്യൂണിസ്റ്റ് വിരുദ്ധത, ജൂത വിരുദ്ധത എന്നിവയെ പ്രോത്സാഹിപ്പിച്ചാണ് ഹിറ്റ്‌ലർ ജനപ്രീതി വർദ്ധിപ്പിച്ചത്. ഇതിലൂടെ ഹിറ്റ്‌ലർ നാസി പ്രചാരണം ശക്തിപ്പെടുത്തി. 1933 -ൽ ചാൻസലറായി അവരോധിക്കപ്പെട്ട ശേഷം ഹിറ്റ്‌ലർ വെയ്മർ റിപ്പബ്ലിക്കിനെ (പുരാതന ജർമ്മനി) മൂന്നാം സാമ്രാജ്യമായിമാറ്റി. നാസിസത്തിന്റെ ആശയസംഹിത പ്രകാരമായിരുന്നു ഹിറ്റ്‌ലർ ഇത് നടപ്പിലാക്കിയത്.

യൂറോപ്യൻ വർകരയിൽ നാസി പാർട്ടിയുടെ ആധിപത്യത്തിലുള്ള ഒരു പുതിയ ഭരണക്രമം സ്ഥാപിക്കുക എന്നതായിരുന്നു ഹിറ്റ്‌ലറുടെ ലക്ഷ്യം. 1939 -ലെ പോളണ്ട് അധിനിവേശത്തിലൂടെയാണ് തന്റെ ജെർമ്മൻ വിപുലീകരണം ഹിറ്റ്‌ലർ ആരംഭിക്കുന്നത്. ഈ സൈനിക നീക്കമാണ് രണ്ടാം ലോക മഹായുദ്ധത്തിന് കാരണമായത്. ഹിറ്റ്‌ലറുടെ കീഴിൽ 1941-ൽ ജെർമ്മനിയും സഖ്യകക്ഷികളും യൂറോപ്പിന്റേയും വടക്കേ ആഫ്രിക്കയുടേയും ഭൂരിഭാഗവും കൈക്കലാക്കി. ഹിറ്റ്‌ലറിന്റെ സ്വേച്ഛാധിപത്യപരവും വംശീയ യഥാസ്ഥിതികത്വവും രണ്ടാം ലോകമഹായുദ്ധ കാലത്ത് ആറ്   കോടിയോളം പേരുടെ ജീവനപഹരിച്ചു. ഇതിൽ ആറ് ദശലക്ഷം ജൂതന്മാരും അഞ്ച് ദശലക്ഷം അനാര്യന്മാരും ഉണ്ടായിരുന്നു.

ഇവക്കെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ ഉത്തരവാദികളായിരുന്നവരിൽ മുഖ്യൻ ഹിറ്റ്ലറായിരുന്നു. എന്നാൽ 1943 ആയപ്പോഴേക്കും ഹിറ്റ്‌ലറിന് തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. യുദ്ധത്തിന്റെ അവസാന ദിനങ്ങൾക്കിടയിൽ, ബെർലിൻ യുദ്ധത്തിനിടയിൽ ഹിറ്റ്‌ലർ തന്റെ ദീർഘകാല ജീവിതപങ്കാളി ഈവാ  ബ്രൗണിനെ വിവാഹം ചെയ്തു. രണ്ടു ദിവസത്തിനു ശേഷം റഷ്യൻ സൈന്യം ബെർലിൻ നഗരത്തിൽ, ഹിറ്റ്ലറുടെ തെരുവിലെത്തിയപ്പോൾ 1945 ഏപ്രിൽ 30ന് ചെമ്പട പിടിക്കപ്പെടുന്നത് ഒഴിവാക്കാൻ ഹിറ്റ്‌ലറും ഇവാ ബ്രൗണും ആത്മഹത്യ ചെയ്തു. അവരുടെ ശവശരീരങ്ങൾ പിന്നീട് കത്തിക്കപ്പെട്ടു. ഹിറ്റ്ലറുടെ സഖ്യരാജ്യമായിരുന്ന ഇറ്റലിയുടെ ഏകാധിപതി മുസ്സോളിനി വെടിവച്ചു കൊല്ലപ്പെട്ടു. ഹിറ്റ്ലർ കെട്ടിപ്പടുത്ത ജർമ്മൻ സാമ്രാജ്യം അമേരിക്കയും റഷ്യയുമടങ്ങുന്ന സഖ്യകക്ഷികൾ പങ്കിട്ടെടുത്തു.

ഒരു പതിറ്റാണ്ടു കാലം ഫ്രഞ്ച് ചക്രവർത്തിയും സൈനിക മേധാവിയുമായിരുന്നു നെപ്പോളിയൻ ബോണപ്പാർട്ട് ( 1769 –  1821). 1789-ലെ ഫ്രഞ്ചു വിപ്ലവത്തെ തുടർന്നുണ്ടായ ഫ്രഞ്ചു വിപ്ലവയുദ്ധങ്ങൾ എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന  യുദ്ധങ്ങളിലാണ് നെപ്പോളിയൻ സൈനികനെന്ന നിലയിൽ രാഷ്ട്രത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്.

1793-94 കാലത്തെ ഭീകരവാഴ്ചക്കു ശേഷം 1795-ൽ നാഷണൽ കൺവെൻഷനു പകരമായി ഡയറക്റ്ററി എന്ന പേരിൽ നേതൃത്വകൂട്ടായ്മയും രണ്ടു മണ്ഡലങ്ങളുള്ള ജനപ്രതിനിധി സഭയും ഭരണമേറ്റു. 1799-ൽ ഡയറക്റ്ററിയേയും രണ്ടു ജനപ്രതിനിധിസഭകളേയും അട്ടിമറിച്ച് കോൺസുലേറ്റ്' എന്ന ഭരണസംവിധാനം നടപ്പിലാക്കാൻ നെപ്പോളിയൻ മുൻകൈയെടുത്തു. രാഷ്ട്രത്തലവനെന്ന് സ്വയം പ്രഖ്യാപിച്ചില്ലെങ്കിലും, കോൺസുലേറ്റിന്റെ മുഖ്യ നേതാവെന്ന നിലക്ക് തുടർന്നുള്ള അഞ്ചു കൊല്ലങ്ങൾ നെപ്പോളിയൻ സ്വേഛാഭരണം നടത്തി. 1804-ൽ കോൺസുലേറ്റ് പിരിച്ചുവിട്ട് സ്വയം ചക്രവർത്തി പദമേറ്റു. ഫ്രാൻസിനെതിരെ അണിനിരന്ന യൂറോപ്യൻ സൈനിക ശക്തികളുടെ മേൽ നേടിയ വിജയം അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും മികച്ച പട്ടാളമേധാവികളിലൊരാൾ എന്ന സ്ഥാനത്തിന് അർഹനാക്കി. നെപ്പോളിയൻ യൂറോപ്പിലാകമാനം തന്റെ ആധിപത്യം സ്ഥാപിക്കാൻ പരിശ്രമിച്ചു. നെപ്പോളിയന്റെ ഈ നീക്കത്തിനെതിരെ മറ്റു യൂറോപ്യൻ ശക്തികൾ പലതവണ സംഘം ചേർന്ന് യുദ്ധത്തിനിറങ്ങി.

നെപ്പോളിയന് രണ്ടു തവണ കീഴടങ്ങേണ്ടി വന്നു. ആദ്യത്തെ തവണ ഫ്രാൻസിൽ നിന്നു നാടു കടത്തപ്പെട്ട് എൽബാ ദ്വീപിൽ താമസിക്കുമ്പോൾ സദാ കൂടെ കൊണ്ടു നടന്നിരുന്ന വിഷഗുളിക കഴിച്ച് അദ്ദേഹം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. കാലപ്പഴക്കത്താൽ ഗുളികയിലെ വിഷവീര്യം നഷ്ടപ്പെട്ടിരുന്നതിനാൽ ആത്മഹത്യാശ്രമം പരാജയപ്പെട്ടു. എൽബാ ദ്വീപിൽ നിന്നു രക്ഷപ്പെട്ട് ഫ്രാൻസിലെത്തിയ നെപ്പോളിയൻ വീണ്ടും അധികാരം കൈയ്യടക്കുകയും സൈന്യത്തെ പുനഃസംഘടിപ്പിച്ച് അയൽ രാജ്യങ്ങളുമായി യുദ്ധത്തിലേർപ്പെടുകയും ചെയ്തു. ഒടുവിൽ, 1815ൽ ബെൽജിയത്തിലെ വാട്ടർലൂവിൽ വച്ചു നടന്ന ചരിത്രപ്രസിദ്ധമായ യുദ്ധത്തിൽ നെപ്പോളിയൻ പരാജയപ്പെട്ടു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച നെപ്പോളിയന് ബ്രിട്ടീഷ് നാവികസേനയുടെ മുന്നിൽ കീഴടങ്ങേണ്ടി വന്നു. ആറു വർഷത്തോളം ബ്രിട്ടീഷ് തടവുകാരനായി കഴിയവെ നെപ്പോളിയൻ മരണമടഞ്ഞു.

മഹാനായ അലക്സാണ്ടർ (B.C 356 - 323) പുരാതന ഗ്രീക്ക് സാമ്രജ്യത്തിലെ മാസിഡോണിയയിലെ  രാജാവായിരുന്നു. അലക്സാണ്ടർ മൂന്നാമൻ, മാസിഡോണിയക്കാരനായ അലക്സാണ്ടർ എന്നീ പേരുകളിലും ഇദ്ദേഹം അറിയപ്പെടുന്നു. ലോക ചരിത്രത്തിലെ ഏറ്റവും പ്രഗൽഭരായ സൈന്യാധിപരിൽ ഒരാളാണ് അലക്സാണ്ടർ. യുദ്ധത്തിൽ ഇദ്ദേഹം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. മരണമടയുമ്പോഴേക്കും അലക്സാണ്ടർ പുരാതന ഗ്രീക്കുകാർക്ക് പരിചിതമായ പ്രദേശങ്ങൾ ഒട്ടുമിക്കവയും തന്നെ കീഴടക്കിയിരുന്നു. BC 334-ൽ ആർക്കീമെനിഡ്‌ സാമ്രാജ്യം കീഴടക്കിയ അദ്ദേഹം സൈന്യത്തെ ഏഷ്യാ മൈനാറിലേക്ക്‌ നയിച്ചു. അവിടെ നിന്ന്‌ പത്തു വർഷത്തിനുള്ളിൽ തുടർച്ചയായ കീഴടക്കലുകളുടെ ഒരു പരമ്പര തന്നെയായിരുന്നു. പത്ത്‌ വർഷം കൊണ്ട്‌ തന്നെ പേർഷ്യയുടെ ആധിപത്യം അവസാനിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ദാരിയസ്സ്‌ മൂന്നാമനെ കീഴടക്കി കൊണ്ട്‌ ആദ്യ പേർഷ്യൻ സമ്രാജ്യം. അതേ സമയം തന്നെ അഡ്രിയാറ്റിക്ക്‌ കടൽ മുതൽ സിന്ധു നദിവരെ തന്റെ സാമ്രാജ്യം വികസിപ്പിച്ചു. ബി.സി. 326ൽ അദ്ദേഹം ഇന്ത്യകീഴടക്കി, എന്നാൽ അദ്ദേഹത്തിന്റെ സൈന്യത്തിന്റെ അഭിപ്രായം കണക്കിലെടുത്ത്‌ അദ്ദേഹം ഗ്രീസിലേക്ക്‌ തിരിച്ച്‌ പോയി. ബി.സി 323-ൽ ബാബിലോണിയയിൽ വച്ച്‌ അദ്ദേഹം അന്തരിച്ചു.

അനേകം രാജ്യങ്ങൾ കീഴടക്കി വിജയശ്രീലാളിതനായ അലക്‌സാണ്ടർ ചക്രവർത്തി ഭാരതത്തെ ആക്രമിക്കാനുള്ള തയ്യാറെടുപ്പിൽ, യുദ്ധത്തിനു പോകുന്നതിനു മുമ്പ് തന്റെ ഗുരുവായ അരിസ്റ്റോട്ടിലിനെ സന്ദർശിച്ചുകൊണ്ടു താൻ ഭാരതത്തെ കീഴടക്കുവാൻ നീങ്ങുകയാണെന്നും, ജയിച്ചു വരുമ്പോൾ അങ്ങേയ്ക്ക് എന്താണ് കൊണ്ടുവരേണ്ടതെന്നും ചോദിച്ചു. കുട്ടികൾ കളിപ്പാട്ടം ആവശ്യപ്പെടുന്ന ലാഘവത്തോടെ അരിസ്റ്റോട്ടിൽ പെട്ടെന്നു പറഞ്ഞു. 'ഇവിടെ കിട്ടാത്തതെന്താണോ, അത് കൊണ്ടുവരിക.' എന്താണ് ഉദ്ദേശിച്ചതെന്ന് അലക്‌സാണ്ടർക്ക് മനസ്സിലായില്ല. നീരസ്സമുണ്ടാകുമെന്നു കരുതി രണ്ടാമത് ചോദിച്ചുമില്ല. മരണ സമയത്താണ്‌ അത് എന്താണെന്ന് അലക്സാണ്ടറിന്‌ മനസ്സിലാതായി വെളുപ്പെടുത്തിയത്.

മരിച്ചു കഴിഞ്ഞാൽ മൂന്നു കാര്യങ്ങൾ തനിക്ക് വേണ്ടി ചെയ്യാൻ അലക്സാണ്ടർ സൈനികർക്ക് ഉത്തരവ് നൽകി. ഒന്ന്, തന്റെ ശവമഞ്ചം ചുമക്കുന്നത് തന്നെ ചികിൽസിച്ച ഡോക്ടർമാരാവണം. ഡോക്ടർമാരുടെ സഹായികൾ തനിക്കു നൽകിയ മരുന്നുകളുടെ ഒഴിഞ്ഞതും ബാക്കിയുള്ളതുമായ കുപ്പികളുമായി കൂടെ ഉണ്ടാകണം. രണ്ട്, നാളിതുവരെ ഞാൻ നേടിയ പണവും രത്‌നങ്ങളും സ്വർണങ്ങളുമെല്ലാം ശവമഞ്ചം കടന്നുപോകുന്ന വഴിയരികിൽ നിരത്തിവക്കണം. മൂന്ന്, തന്റെ ഒഴിഞ്ഞ കൈകൾ രണ്ടും ശവപ്പെട്ടിക്കു പുറത്തേക്ക് എല്ലാവരും കാണുംവിധം തൂക്കിയിടണമെന്നുമായിരുന്നു. അലക്‌സാണ്ടറുടെ വാക്കുകൾ കേട്ട് സേവകർ ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി. അവരിൽ പ്രധാനിയും ഏറ്റവും വിശ്വസ്തനുമായ മന്ത്രി നിറകണ്ണുകളോടെ അലക്‌സാണ്ടറുടെ അടുത്തെത്തി ആശ്വസിച്ചപ്പോൾ. ഇവിടെ കിട്ടാത്തത് എന്തെങ്കിലും ഭാരതത്തിൽ കണ്ടെത്തിയാൽ അത് കൊണ്ടുവരാൻ അരിസ്റ്റോട്ടിൽ ആവശ്യപ്പെട്ടിരുന്നെന്നും. അങ്ങനെയൊന്ന് താൻ കണ്ടത് ഭാരതത്തിന്റെ ആത്മീയതയാണെന്നും അലക്സാണ്ടർ പറഞ്ഞു.

ജീവിതത്തിന്റെ നിരർത്ഥകത ജനത്തിന് ബോധ്യപ്പെടുത്താനാണ് അലക്സാണ്ടർ മൂന്ന് കാര്യങ്ങൾ ആവശ്യപ്പെട്ടത്. ലോകത്തുള്ള ഏറ്റവും പ്രശസ്തരായ ഡോക്ടർമാരാണ് അലക്സാണ്ടറിനെ ചികിത്സിച്ചിട്ടുള്ളത്. അവർക്കോ അവർ നൽകിയ ഔഷധങ്ങൾക്കോ ഈശ്വരവിധിയെ മറികടന്ന് അലക്സാണ്ടറിനെ രക്ഷിക്കാനായില്ലെന്ന് ജനത്തിന് ബോധ്യപ്പെടാനാണ് തന്റെ ശവമഞ്ചം അവർ ചുമക്കണം എന്ന് ആവശ്യപ്പെട്ടത്. ഞാൻ നേടിയ ധനവും രത്‌നങ്ങളും പണവുമൊന്നും എനിക്ക് ഒന്നും നേടിത്തന്നില്ല എന്നു കാണിക്കാനാണ് അവയെല്ലാം വഴിയരികിൽ നിരത്തിയിടാൻ പറഞ്ഞതെന്നും. എത്ര വിജയങ്ങൾ നേടിയിട്ടും എന്തെല്ലാം സമ്പാദിച്ചിട്ടും ശൂന്യമായ കൈകളോടെയാണ് ഇവിടം വിടേണ്ടിവരുന്നതെന്നു ശവമഞ്ചത്തിനു വെളിയിലേക്ക്‌ നീട്ടിയിട്ട തന്റെ കൈകൾ പറയുമെന്നും അലക്സാണ്ടർ പറഞ്ഞു.
നമുക്കുവേണ്ടി നാം സമ്പാദിക്കുന്നതല്ല മറിച്ച് മറ്റുള്ളവർക്കുവേണ്ടി നാം ചെയ്യുന്നതു മാത്രമേ നിലനിൽക്കൂ. അലക്‌സാണ്ടർ എന്ന ചക്രവർത്തിയുടെ ജന്മത്തേക്കാൾ ഞാനിഷ്ടപ്പെടുന്നത് ലോകം ഭ്രാന്തനെന്നു വിളിക്കുന്ന ഡയോജനിസ് എന്ന ജ്ഞാനിയുടേതാണെന്ന് അലക്സാണ്ടർ പറഞ്ഞു. അന്നേ ദിവസം ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് മഹാനായ ഡയോജനിസിന്റേയും അന്ത്യം എന്നത് മറ്റൊരു വസ്തുത. അലക്സാണ്ടർ ചക്രവർത്തി രോഗബാധിതനായി മരിച്ചതാണെന്നും, അതല്ല, അദ്ദേഹത്തിനു വിഷം കൊടുത്തു കൊന്നതാണെന്നും വാദങ്ങളുണ്ട്. അലക്സാണ്ടർ ചക്രവർത്തിക്ക് സന്തതികളുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സാമ്രാജ്യം ചിന്നിച്ചിതറിപ്പോയി.

സാമ്രാജ്യങ്ങളില്ലെന്നതാണ് ആധുനിക കാലഘട്ടത്തിലെ വലിയൊരു വൈശിഷ്ട്യം. ഇന്നു രാഷ്ട്രങ്ങളേയുള്ളു. 330 ലക്ഷം ചതുരശ്ര കിലോമീറ്റർ വലിപ്പമുണ്ടായിരുന്ന മംഗോൾ സാമ്രാജ്യത്തിന്റെ സ്ഥാനത്ത് ഇന്നവശേഷിയ്ക്കുന്നത് മംഗോളിയ എന്ന രാഷ്ട്രം. അതിന്റെ ഇപ്പോഴത്തെ വിസ്തീർണ്ണം 15.64 ലക്ഷം ച. കിലോമീറ്റർ മാത്രം; പഴയ സാമ്രാജ്യത്തിന്റെ, അഥവാ പ്രതാപത്തിന്റെ ഇരുപതിലൊന്നു മാത്രം. ബ്രിട്ടന്റെ കാര്യമാണ് ഏറ്റവും പരിതാപകരം: 332 ലക്ഷം ച. കിലോമീറ്റർ വലിപ്പമുണ്ടായിരുന്ന, സൂര്യനസ്തമിയ്ക്കാത്ത സാമ്രാജ്യമായിരുന്നു, ബ്രിട്ടന്റേത്. ഇന്നത് 2.43 ലക്ഷം ച. കിലോമീറ്റർ മാത്രമായി ചുരുങ്ങിയിരിയ്ക്കുന്നു. നമ്മുടെ ഉത്തർപ്രദേശിനു പോലുമുണ്ട് ഏകദേശം ബ്രിട്ടനോളം വലിപ്പം. ഫ്രഞ്ച്, ജർമ്മൻ, ഗ്രീക്ക്, റോമൻ സാമ്രാജ്യങ്ങളുടെയെല്ലാം സ്ഥിതിയും ഇതൊക്കെത്തന്നെ.

കൊല്ലും കൊലയും കൊള്ളയടിയും ബ്രിട്ടനുൾപ്പെടെയുള്ള സാമ്രാജ്യങ്ങളുടെ കൂടപ്പിറപ്പായിരുന്നു. അവയിൽ മിക്കവയും സാംസ്കാരികതക്കെതിരുമായിരുന്നു. രക്തച്ചൊരിച്ചിലുള്ളിടത്ത് സംസ്കാരമുണ്ടാവില്ല. സാമ്രാജ്യങ്ങളുടെ അസ്തമനവും രാഷ്ട്രങ്ങളുടെ പരസ്പര സഹകരണവും ഐക്യരാഷ്ട്രസഭയുടെ രൂപീകരണവും ഇരുപതാം നൂറ്റാണ്ടിൽ മനുഷ്യർ നേടിയ സാംസ്കാരിക പുരോഗതിയുടെ ഉത്തമദൃഷ്ടാന്തങ്ങളാണ്. അന്യോന്യം വെട്ടിപ്പിടിയ്ക്കാൻ വെമ്പുന്നതിനു പകരം പരസ്പരം സഹകരിയ്ക്കുകയും സഹായിയ്ക്കുകയും ചെയ്യുന്ന 193 രാഷ്ട്രങ്ങൾ. ഒരു മേശയ്ക്കു ചുറ്റുമിരുന്നുള്ള ചർച്ചയിലൂടെ തീരാത്ത തർക്കങ്ങൾ തീർക്കാൻ ലോകകോടതി. മിക്ക രാഷ്ട്രങ്ങളിലും ജനാധിപത്യവും.

കലിംഗ പിടിച്ചടക്കാനുള്ള അശോക ചക്രവർത്തിയുടെ ശ്രമം ഒരു വൻയുദ്ധത്തിൽ കലാശിച്ചു. യുദ്ധത്തിലെ രക്തച്ചൊരിച്ചിലും ഭീകരതയും കണ്ട അശോകൻ ഇനി മേൽ യുദ്ധം ചെയ്യില്ലെന്നും ധർമ്മമാർഗ്ഗത്തിൽ ചരിക്കുമെന്നും തീരുമാനമെടുത്തു. യുദ്ധവിജയത്തിനു ശേഷം ആക്രമണം ഉപേക്ഷിക്കുന്ന ലോകചരിത്രത്തിലെ തന്നെ ഒരേ ഒരു ഭരണകർത്താവായിരുന്നു അശോക ചക്രവർത്തി എന്നു കരുതപ്പെടുന്നു.

കലിംഗ യുദ്ധത്തെക്കുറിച്ചുള്ള അശോക ചക്രവർത്തിയുടെ ശിലാശാസനം ഇങ്ങനെയായിരുന്നു:

“രാജാവായി എട്ടു വർഷത്തിനു ശേഷം ഞാൻ കലിംഗ ആക്രമിച്ചു കീഴടക്കി. ഏകദേശം ഒന്നരലക്ഷത്തോളം പേരെ തടവുകാരായി പിടിച്ചു. ഒരു ലക്ഷത്തിലധികം പേർ മരിച്ചു. ഇത് എന്റെ മനസ്സിൽ ദുഃഖം നിറച്ചു എന്തുകൊണ്ടെന്നാൽ‍? ഒരു സ്വതന്ത്രരാജ്യം ആക്രമിക്കുമ്പോൾ ലക്ഷക്കണക്കിന്‌ ജനങ്ങൾ മരണമടയുകയും നിരവധി പേർ തടവുകാരാക്കപ്പെടുകയും ചെയ്യുന്നു. ബ്രാഹ്മണരും ഭിക്ഷുക്കളും വരെ മൃത്യുവിനിരയാകുന്നു. തങ്ങളുടെ ബന്ധുമിത്രാദികളോടും ഭൃത്യരോടും ദയാലുക്കളായവർ മരണപ്പെടുകയോ അവരുടെ ഇഷ്ടജനങ്ങൾ മരണമടയുകയോ ചെയ്യുന്നു. ഇതിനാലാണ്‌ ഞാൻ ദുഃഖിതനായിരിക്കുന്നത്. അതുകൊണ്ട് ഞാൻ ധർമ്മം അനുഷ്ടിക്കാൻ തീരുമാനമെടുക്കുന്നു അതോടൊപ്പം മറ്റുള്ളവരേയും അതിനെക്കുറിച്ച് പഠിപ്പിക്കാനും ഉദ്ദേശിക്കുന്നു. ധർമ്മ മാർഗ്ഗത്തിലൂടെ ജനങ്ങളെ ജയിക്കുന്നതാണ്‌ ബലപ്രയോഗത്തിലൂടെ കീഴടക്കുന്നതിനേക്കാൾ ഉചിതം എന്ന് ഞാൻ കരുതുന്നു. ഈ സന്ദേശം ഞാൻ ഭാവിയിലേക്കു വേണ്ടി കുറിക്കുന്നു. അതായത് എന്റെ കാലശേഷം എന്റെ മകനോ പേരക്കുട്ടിയോ യുദ്ധത്തെക്കുറിച്ചു തന്നെ ചിന്തിക്കാതിരിക്കട്ടെ. പകരം അവർ ധർമ്മമാർഗ്ഗം പ്രചരിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ നടത്തട്ടെ."

2016 സെപ്റ്റംബര്‍ 18ന് നടന്ന  ഭീകരാക്രമണത്തില്‍ ജമ്മുകാശ്മീരിലെ ഉറിയില്‍ കൊല്ലപ്പെട്ട ഗംഗാധര്‍ എന്ന സൈനികന്റെ പിതാവ്  ഓംകാമത് ദൊലൂയ് ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള പ്രശ്‌നങ്ങള്‍ യുദ്ധത്തിലേക്ക് പോകരുതേ എന്ന് കേണ് അപേക്ഷിച്ചതൊന്നും നമുക്ക് മറക്കാനാവില്ല.

‘എന്റെ മകന്റെ ആത്മാവിന് ശാന്തി ലഭിക്കുമെന്ന് എനിക്കുറപ്പാണ്. പക്ഷെ ഞാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. അത് ഇരുഭാഗത്തുനിന്നും എന്റെ മകനെപ്പോലുള്ള എണ്ണമറ്റ ജീവനുകള്‍ നഷ്ടമാക്കാന്‍ ഇടയാക്കും.’ 

‘ ചര്‍ച്ചയിലൂടെ മാത്രമേ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകൂ. അതാണ് ഏറ്റവും അഭികാമ്യം. തോക്കുകള്‍ ഇരുഭാഗത്തെയും പ്രശ്‌നങ്ങള്‍ ഇരട്ടിപ്പിക്കുകയേ ഉള്ളൂ.’ എന്നാണ് വളരെ ദുഖത്തോടെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. കൂലിവേലക്കാരനായിരുന്ന ദൊലൂയ്, ഗംഗാധറിന് സൈന്യത്തിൽ ജോലി ലഭിച്ചപ്പോൾ കുടുംബത്തിന്റെ ദാരിദ്ര്യമെല്ലാം അതോടെ മാറുമെന്ന പ്രതീക്ഷയിലായിരുന്നു. മകന്‍ ഗംഗാധറിന്റെ മരണത്തെക്കാള്‍ വലിയ ദുരന്തമൊന്നും തങ്ങള്‍ക്ക് സംഭവിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം ലോക മഹായുദ്ധത്തിൽ ഒന്നേമുക്കാൽ കോടിപ്പേർക്ക് ജീവൻ വെടിയേണ്ടി വന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ ആറു കോടിപ്പേർക്കും. ലോക സമാധാനത്തിലേക്കുള്ള വഴി സാമ്രാജ്യത്വത്തിലൂടെയല്ല എന്നു ലോകത്തിനു മനസ്സിലായത് 1914 മുതൽ 1945 വരെയുള്ള മൂന്നു പതിറ്റാണ്ടിനിടയിൽ ഏഴേമുക്കാൽക്കോടി മനുഷ്യർ കൊല്ലപ്പെട്ടു കഴിഞ്ഞപ്പോൾ മാത്രമാണ്. ലോക സമാധാനത്തിന്നായി നൽകേണ്ടി വന്ന വില വളരെ വലുതാണ്. എങ്കിലും സാമ്രാജ്യങ്ങളും സാമ്രാജ്യത്വവും തിരികെ വരാതവണ്ണം പോയ്മറഞ്ഞിരിക്കുന്നു. അതിനാൽ തൽക്കാലം  നമുക്കാശ്വസിക്കാം, ഭാവിയിലേക്കുള്ള യാത്രയിൽ ലോകസമാധാനവും മാനവികതയും  കാത്തുസൂക്ഷിക്കാൻ നിതാന്ത ജാഗ്രത പുലർത്തുകയും ചെയ്യുക.

Comments

Popular posts from this blog

ഇല്ലുമിനാറ്റി - ലോകം ഭരിക്കുന്നവർ !

ടൈം ട്രാവൽ സാധ്യമോ ?

ഇന്റർസ്റ്റെല്ലാർ സിനിമയിലെ ശാസ്ത്രം