ഇല്ലുമിനാറ്റി - ലോകം ഭരിക്കുന്നവർ !

Image
2300 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ രൂപം കൊണ്ട ഒരു നിഗൂഢമായ ഒരു സംഘം ഉണ്ടായിരുന്നു... ഇല്ലുമിനാറ്റികൾ എന്ന് കേൾക്കുമ്പോൾ നമ്മൾ ആദ്യം ചിന്തിക്കുന്നത് അത് ഏതോ യൂറോപ്യൻ അധോലോകത്തിന്റെ വലിയ ഒരു സംഭവമാണ് എന്നായിരിക്കാം. എന്നാൽ ഇല്ലുമിനാറ്റി എന്ന നിഗൂഡമായ പ്രസ്ഥാനം പോലെ ആദ്യമായി ഉണ്ടായതിൽ ഒന്ന് നമ്മൾ ഇന്ത്യക്കാരുടെ തന്നെയാണ് എന്ന് കേൾക്കുമ്പോൾ നമ്മൾ ചിലപ്പോൾ ആശ്ചര്യപ്പെട്ടു പോയേക്കാം. ഇതിനെ കുറിച്ചു ലഭ്യമായ തെളിവുകൾ ആദ്യമായി എഴുതിയത് ഒരു ഫ്രഞ്ച് എഴുത്തുകാരൻ ആണ് ,അതിനു ശേഷം ഇന്ത്യയിൽ 25 വർഷം ജോലി ചെയ്ത ബ്രിട്ടീഷ്‌ പോലീസ് ഓഫീസറായാ ടാൽബോട് മുണ്ടി ഇതിനെ കുറിച്ചു കുറേയേറെ സത്യവും മിഥ്യയും ചേർത്തു ഒരു പുസ്തകം നോവൽ രൂപത്തിൽ എഴുതിയിട്ടുണ്ട്.  പിതാവായ ചന്ദ്രഗുപ്ത്തനേ പോലെ ഈ ലോകം മുഴുവൻ കീഴടക്കുവാൻ മഹാനായ അശോക ചക്രവർത്തി തിരുമാനിച്ചു. അങ്ങനെ കലിംഗ കീഴടക്കുവാൻ പുറപ്പെട്ട അശോക ചക്രവർത്തിക്ക് കലിഗ നിവാസികളുടെ ഭാഗത്ത് നിന്നും അതിരൂക്ഷമായ ചെറുത്ത് നില്പ് നേരിടേണ്ടി വന്നു. ആ യുദ്ധത്തിൽ ഏകദേശം ഒരുലക്ഷത്തില്പരം പുരുഷമാർ മരിച്ചു വീണതായി കരുതുന്നു. യുദ്ധാനന്തരം പോർമുഖം സന്ദർശിച്ച ചക്രവർത്തി അവിടെ കണ്ട കാഴ്ച

ഇന്റർസ്റ്റെല്ലാർ സിനിമയിലെ ശാസ്ത്രം


ഹോളിവുഡിലെ സയൻസ് ഫിക്ഷൻ സിനിമകളുടെ പാരമ്പര്യത്തെ പല തലത്തിലും ലംഘിക്കുന്ന സിനിമയാണ് ക്രിസ്റ്റഫർ നോളന്റെ ഇന്റർസ്റ്റെല്ലാർ. ഗോളാന്തര യാത്രകൾ പതിവ് പരിപാടിയായ ഹോളിവുഡിൽ ഇന്റർസ്റ്റെല്ലാറിന് അത്തരം സിനിമകൾക്ക് ലഭിക്കുന്ന പരിഗണനയല്ല ലഭിച്ചത്. ലോകത്തെ ഏറ്റവും പ്രമുഖരായ ഒരു സംഘം ശാസ്ത്രജ്ഞരുടെ പിന്തുണയും ഗവേഷണവുമായിരുന്നു ആ സിനിമയെ വേറിട്ട് നിർത്തുന്നതിന് കാരണമായ പ്രധാന ഘടകം. തിയററ്റിക്കൽ ഫിസിക്‌സിൽ ഇന്ന് ജീവിച്ചിരിക്കുന്ന ശാസ്ത്രകാരൻമാരിൽ പ്രമുഖനായ കിപ് തോൺ (Kip thorne) ആണ് ഇന്റർസെറ്റെല്ലാറിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും ശാസ്ത്ര ഉപദേഷ്ടാവും. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെകനോളജിയിലെ റിച്ചാർഡ് ഫെയ്ന്മാൻ പ്രൊഫസറാണ് തോൺ. ആധുനിക ഭൗതിക ശാസ്ത്രത്തിലെ ലോകപ്രശസ്തങ്ങളായ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ് അദ്ദേഹം. സിനിമയുടെ കഥയെ നിർണയിക്കുന്ന വേംഹോൾ എന്ന ശാസ്ത്ര കൽപ്പനയെ 1980കളിൽ ലോകത്തിന് വിശദീകരിച്ച് നൽകിയത് കിപ് തോണാണ്. ലോകമെങ്ങും ത്രീഡി ചിത്രങ്ങളുടെ പരീക്ഷണങ്ങൾ നടക്കുന്നതിനിടെ പുറത്തുവന്ന ഇന്റർസെറ്റെല്ലാർ ടുഡി കാഴ്ചയാണ് സമ്മാനിച്ചത്. ക്രിസ്റ്റഫർ നോളൻ പക്ഷേ പ്രേക്ഷകരെ ഫൈവ് ഡി എന്ന മായിക പ്രപഞ്ചത്തിലേക്ക് തെല്ലുനേരം കൊണ്ടുപോയി. അതൊരു പുതിയ കാഴ്ചയും ചിന്തയുമായിരുന്നു. നമ്മുടെ നിലവിലുള്ള ചിന്തയെ ഇളക്കുന്നതുമായിരുന്നു.

 ഫൈവ് ഡയമെൻഷൻ എന്ന മായാ പ്രപഞ്ചത്തിന് ശാസ്ത്രം നൽകുന്ന വിശദീകരണമന്താണ്? അങ്ങനെയൊന്നുണ്ടോ? ഉണ്ടെങ്കിൽ അഞ്ചാം ഡയമെൻമെൻഷനെന്താണ്?

ഈ രംഗങ്ങളിൽ തിയററ്റിക്കൽ ഫിസിക്‌സിലെ ചില സങ്കൽപ്പങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നത് പക്ഷേ ഭാവനയും ഉണ്ടെന്ന് മാത്രം. പ്രപഞ്ചത്തെ വിശദീകരിക്കാൻ ഭൗതിക ശാസ്ത്രജ്ഞർ വളരെ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒന്നാണ് ഹയർ ഡയമൻഷൻസ്. 11 ഡയമൻഷൻസ് വരെ പ്രവചിക്കുന്ന തിയറികളുണ്ട്. അവയിലേക്ക് നമുക്ക് അവസാനം വരാം. അതിന് മുൻപ് ഇതിന്റെ പ്രാഥമിക കാര്യങ്ങൾ പരിശോധിക്കാം.

 സ്‌പേസിന് (സ്ഥലത്തിന് ) മൂന്ന് ഡയമൻഷൻസ് (മാനങ്ങൾ) ഉണ്ടെന്ന് നമുക്കറിയാം. ഒരു വസ്തുവിന്റെ ത്രിമാന തലം എന്നതാണത്. ലളിതമായി മനസിലാക്കാൻ വേണ്ടി പറയുകയാണെങ്കിൽ നീളം, വീതി, ഉയരം എന്നു പറയാം. ഒരു ‘ഇവന്റ്’ (സംഭവം) പൂർണമായും വ്യക്തമാക്കണമെങ്കിൽ സ്‌പേസ് മാത്രം പോര. അത് എപ്പോൾ നടന്നു എന്നും പറയണം. ഈ സമയമാണ് നാലാം ഡയമൻഷൻ. അഞ്ചാമത് ഒരു ഡയമൻഷൻ ഉണ്ടെങ്കിൽ അതെന്താകും എന്ന് നമുക്ക് ഇപ്പോൾ തീർച്ചയില്ല. അത് സ്‌പേസിന്റെ ഒരു എക്‌സ്ട്രാ ഡയമെൻഷൻ ആകാം. അതായത്, സ്‌പേയ്‌സിന് മൂന്നിലധികം ഡയമെൻഷൻ ഉണ്ടാകാം. അഡിഷണൽ ഡയമെൻഷൻസ് തീരെ ചെറുതായതുകൊണ്ട് നമുക്ക് കാണാനോ അനുഭവിക്കാനോ പറ്റുന്നില്ല എന്നതാകാം കാരണം. ഉദാഹരണത്തിന്, ഒരു ഷീറ്റ് പേപ്പർ യഥാർഥത്തിൽ ഒരു ത്രിമാന വസ്തു (three-dimensional object) ആണ്. പക്ഷേ, അതിന്റെ കട്ടി തീരെ കുറവായതുകൊണ്ട്, അതിനെ ഒരു ദ്വിമാന വസ്തു (two-dimensional object) ആയാണ് നമ്മൾ സാധാരണ കാണാറ്.

ഫിസിക്‌സിൽ മൾട്ടി ഡയമൻഷൻ തിയറികളുടെ പ്രാധാന്യം വരുന്നത് പ്രപഞ്ചത്തിന്റെ ഉല്പത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുമ്പോഴാണ്. ബിഗ് ബാംഗ് തിയറി തന്നെ ഒരു ഉദാഹരണമാണ്. പ്രപഞ്ചത്തിന്റെ ഉത്പത്തിയേക്കുറിച്ച് ഏറ്റവും തൃപ്തികരമായ വിശദീകരണം നൽകുന്ന സിദ്ധാന്തമാണിത്. ബിഗ് ബാംഗ് നടക്കുന്ന സമയത്ത് പ്രപഞ്ചം ഒരു ചെറിയ ബിന്ദുവിലേക്ക് ചുരുങ്ങിയിരിക്കുകയായിരുന്നു. 13 ബില്ല്യൺ പ്രകാശവർഷം വലിപ്പമുള്ളതാണ് ഇപ്പോഴത്തെ നമുക്കറിയാവുന്ന പ്രപഞ്ചമെന്നോർക്കണം. ഫിസിക്‌സിനെ നിർണയിക്കുന്ന പ്രധാനപ്പെട്ട രണ്ട് തത്വങ്ങളുണ്ട്. ഐൻസ്‌റ്റൈന്റെ പൊതു ആപേക്ഷിക സിദ്ധാന്തവും (General Theory of Relativity) മാക്‌സ് പ്ലാങ്കിന്റെ ക്വാണ്ടം തിയറിയും. ഗുരുത്വാകർഷണത്തേയും (ഗ്രാവിറ്റി) അതുമായി ബന്ധപ്പെട്ട പ്രപഞ്ചത്തിന്റെ നിലനിൽപ്പിനേയുമെല്ലാം വിശദീകരിക്കുന്നതാണ് ആപേക്ഷിക സിദ്ധാന്തം. വളരെ സൂക്ഷ്മമായ വസ്തുക്കളുടെ പ്രതിഭാസങ്ങളെ വിശദീകരിക്കുന്ന സിദ്ധാന്തമാണ് ക്വാണ്ടം തിയറി. പ്രപഞ്ചം ഒരു ബിന്ദുവായിരിക്കുന്ന സമയത്ത് ഗ്രാവിറ്റി അനന്തമായിരിക്കും. അതുകൊണ്ടു തന്നെ പ്രപഞ്ചത്തെ വിശദീകരിക്കണമെങ്കിൽ ഗ്രാവിറ്റി തീർച്ചയായും പരിഗണിക്കണം. അതേസമയം അതൊരു സൂക്ഷ്മ കണികയാണ്. അതുകൊണ്ടുതന്നെ അതിനെ വിശദീകരിക്കാൻ ക്വാണ്ടം തിയറിയും വേണം. പക്ഷേ, ഗ്രാവിറ്റിയേയും ക്വാണ്ടം തിയറിയേയും യോജിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും ഇതുവരെ പൂർണ്ണമായി ഫലം കണ്ടിട്ടില്ല. അത്തരം തിയറികൾ, ഉദാഹരണത്തിന് സ്ട്രിങ് തിയറി (string theory), പലതും ഹയർ ഡിമൻഷനുകളുടെ നിലനിൽപ്പ് പ്രവചിക്കുന്നുണ്ട്.

 ഇത്തരം ഹയർ ഡയമൻഷനിൽ ടൈം ട്രാവൽ സാധ്യമാകും എന്നാണ് സിനിമ പ്രവചിക്കുന്നത്. അതായത് കാലത്തിലൂടെ മൂന്നോട്ടും പിന്നോട്ടും സഞ്ചരിക്കാൻ കഴിയും എന്നാണ് ചിത്രത്തിലെ രംഗങ്ങൾ സൂചിപ്പിക്കുന്നത്. നായകനും മകളും ഇത്തരത്തിൽ ചില സന്ദേശങ്ങൾ കൈമാറുന്നതായി നമ്മൾ കാണുന്നുണ്ട്. സിനിമ കൂടുതൽ ഫിക്ഷന്റെ തലത്തിലേക്ക് അടുത്ത് നിൽക്കുന്ന രംഗങ്ങളാണ് അവയെല്ലാം. ഫിഫ്ത് ഡയമൻഷൻ ഉണ്ടെങ്കിൽ തന്നെയും ടൈം ട്രാവൽ സാധ്യമാകണമെന്നില്ല. സിനിമയിൽ കാണുന്നത് സ്‌പേസിൽ എന്നവണ്ണം സമയത്തിലും മുന്നിലേക്കും പിന്നിലേക്കും യാത്ര ചെയ്യാം എന്നാണ്. ഫിസിക്‌സിന്റെ ചില അടിസ്ഥാന തത്വങ്ങളെ തന്നെ നിഷേധിക്കുന്ന സങ്കൽപ്പമാണത്.

If you can go back in time, you can go back and kill your mother, എന്ന് പറയാറുണ്ട്. അങ്ങനെയെങ്കിൽ നിങ്ങളില്ല. ഇതിനെ കോസാലിറ്റി (causality) എന്നാണ് പറയുക. നിങ്ങൾ ഉണ്ടായിരിക്കാൻ ഒരു കാരണം വേണം. ഇത് അടിസ്ഥാനപരമായ കാര്യമാണ്. ടൈം ട്രാവൽ എന്ന സങ്കൽപ്പം കോസാലിറ്റിയെ തകർക്കുന്നതാണ്. തീർത്തും കഥാപരമായ ഭാഗം എന്നേ അതിനെ കാണേണ്ടതുള്ളു. ഇൻസെപ്ഷൻ പോലെയുള്ള ഫിലോസഫിക്കലായ ചിത്രത്തിന് ശേഷമാണ് ക്രിസ്റ്റഫർ നോളൻ ഇന്റർസ്റ്റെല്ലാർ എടുക്കുന്നത്. ഇൻസെപ്ഷൻ മനസിന് അകത്തേക്കുള്ള യാത്രയായിരുന്നു. ഇത് പ്രപഞ്ചത്തിന് പുറത്തേക്കും.

എന്തുകൊണ്ടാണ് ഈ സിനിമയിലെ ബഹിരാകാശ യാത്രികർ ഒരു അന്യഗ്രഹത്തിലെത്താൻ വേം ഹോൾ എന്ന വസ്തുവിന്റെ സഹായം തേടുന്നത്? എന്താണ് ഈ വേം ഹോൾ?

മനുഷ്യജീവിതത്തിന് അനുകൂലമായ താപനിലയും കാലാവസ്ഥയുമുള്ള ഗ്രഹങ്ങൾ, അഥവാ Habitable planets, നമ്മുടെ സൗരയൂഥത്തിനു പുറത്തും ഉണ്ടാവാൻ സാധ്യതയുണ്ട്. പക്ഷേ, അവിടേക്കുള്ള ദൂരമാണ് പ്രശ്‌നം. ഉദാഹരണത്തിന്, സൂര്യൻ കഴിഞ്ഞാൽ നമുക്ക് ഏറ്റവും അടുത്തുള്ള നക്ഷത്രം (Proxima Centauri) നാലു പ്രകാശവർഷം അകലെയാണ്. അതായത്, പ്രകാശത്തിന്റെ അതേ വേഗതയിൽ സഞ്ചരിച്ചാൽപ്പോലും ആ നക്ഷത്രത്തിനടുത്തെത്താൻ നാലു വർഷം വേണ്ടിവരും. ഒരു ഹാബിറ്റബിൾ പ്ലാനെറ്റിനെ കണ്ടെത്തണമെങ്കിൽ ആയിരക്കണക്കിന് പ്രകാശ വർഷങ്ങളെങ്കിലും സഞ്ചരിക്കേണ്ടിവരും. സാധാരണഗതിയിൽ ഇത് തീർത്തും അപ്രായോഗികമാണ്. ഇത് ഈ സിനിമയിലെ കഥാപാത്രങ്ങളായ ശാസ്ത്രജ്ഞർ തിരിച്ചറിയുന്നുണ്ട്. ഇവിടെയാണ് ഒരു വേം ഹോൾ (wormhole) ഈ സിനിമയിൽ രക്ഷക്കെത്തുന്നത്. വേം ഹോൾ ഇന്ന് ഒരു സൈദ്ധാന്തിക സങ്കൽപ്പം മാത്രമാണ്. സ്‌പേയ്‌സിലെ രണ്ടു ഭാഗങ്ങളെ യോജിപ്പിക്കുന്ന ഒരു ‘ഹോൾ’, ഒരു ദ്വാരം, ആയി ഇതിനെ സങ്കൽപ്പിക്കാം.

 വേം ഹോളിന്റെ ഒരു വായിലൂടെ കടന്നുപോകുന്ന ഒരാൾക്ക് മറ്റേ വായിലൂടെ ഇറങ്ങിവരാം. ആ മറ്റേ വായ തുറക്കുന്നത് അതിവിദൂരമായ മറ്റേതോ നക്ഷത്രസമൂഹങ്ങളുടെ അടുത്താകാം. ത്രീ ഡയമൻഷനിൽ ഇത് സങ്കൽപ്പിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ ടു ഡയമൻഷനിൽ ഇത് വേഗത്തിൽ മനസിലാക്കാം. ഒരു പേപ്പറിന്റെ രണ്ടറ്റങ്ങൾ അടുപ്പിച്ച ശേഷം ഒരു തുളയിടുക ശേഷം, അവ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കുഴൽ സ്ഥാപിച്ചാൽ ഒരു വശത്തുനിന്നും മറ്റൊരു വശത്തേക്കുള്ള ദൂരം കുറയും. പേപ്പറിന്റെ പുറത്തൂകൂടി ഒരു വശത്തു നിന്നും മറ്റൊരു വശത്തേക്കുള്ള ദൂരം ആലോചിക്കുക. രണ്ട് അറ്റങ്ങൾ തമ്മിൽ ഒരു കുഴൽ വഴി ബന്ധിപ്പിച്ചാൽ വളഞ്ഞ് ചുറ്റി വരാതെ നേരിട്ട് ഇവിടേക്കെത്താം. ഇത്തരത്തിൽ ത്രീഡയമൻഷണൽ സ്‌പേസിൽ ഒരു കുറുക്കുവഴിയാണ് വേം ഹോൾ. ഇപ്രകാരം, സ്‌പേയ്‌സിലൂടെയുള്ള ഒരു കുറുക്കുവഴി അല്ലെങ്കിൽ ഒരു ഷോർട്ട് കട്ടായാണ് വേം ഹോൾ ഈ സിനിമയിലെ ബഹിരാകാശയാത്രികർക്കു നൽകുന്നത്. നമ്മുടെ സൗരയൂഥത്തിൽ തന്നെ, ശനിക്ക് (Saturn) അടുത്തായി ഒരു വേം ഹോൾ പ്രത്യക്ഷപ്പെട്ടതായി സിനിമയിലെ ശാസ്ത്രജ്ഞന്മാർ കണ്ടെത്തുന്നു. ഒരു ബഹിരാകാശ പേടകത്തിന് അതിനടുത്തെത്താൻ പലവർഷങ്ങൾ എടുക്കും. പക്ഷേ, വേം ഹോളിന്റെ ഒരു വായിലൂടെ അകത്തുകയറിയാൽ മിനിറ്റുകൾ കൊണ്ട് പ്രപഞ്ചത്തിന്റെ ഏതോ കോണിലുള്ള മറ്റോരു ഗാലക്‌സിലിലേക്കെത്താൻ പറ്റും. ഈ വഴിയാണ് അവർ ഉപയോഗിക്കുന്നത്.

എന്തുകൊണ്ടാണ് വേംഹോൾ ഒരു സൈദ്ധാന്തിക സങ്കൽപ്പം മാത്രമാണെന്നു പറയുന്നത്?

സൈദ്ധാന്തിക സങ്കൽപ്പം എന്നാൽ ഭാവനാസൃഷ്ടി എന്നല്ല അർത്ഥമാക്കുന്നത്. ഐൻസ്‌റ്റൈന്റെ പൊതു ആപേക്ഷിക സിദ്ധാന്തം (General Theory of Relativity) പ്രകാരം വേം ഹോളിന് നിലനിൽക്കാം. അൽപ്പം ടെക്‌നിക്കൽ ആയി പറഞ്ഞാൽ wormholes are fully consistent solutions of Einstein’s equations. ഐൻസ്റ്റീനിന്റെ ഈ സിദ്ധാന്തം വിചിത്രമായ പലവസ്തുക്കളുടേയും പ്രതിഭാസങ്ങളുടേയും നിലനിൽപ്പ് മുൻപ് പ്രവചിച്ചിട്ടുണ്ട്. ബ്ലാക്ക് ഹോളുകൾ അഥവാ തമോഗർത്തങ്ങൾ ഒരു ഉദാഹരണമാണ്. പ്രകാശമടക്കം എല്ലാ വസ്തുക്കളേയും ഉള്ളിലേക്കുമാത്രം വലിച്ചെടുക്കുകയും ഒന്നിനേയും പുറത്തുവിടാതിരിക്കുകയും ചെയ്യുന്ന വിചിത്രമായ നക്ഷത്രങ്ങളാണ് തമോഗർത്തങ്ങൾ. ഭാരമുള്ള ഒരു വസ്തു, അതിനുചുറ്റുമുള്ള സ്‌പേയ്‌സിനെ ഗ്രാവിറ്റിമൂലം വളക്കുന്നു എന്നതാണ് ഐൻസ്‌റ്റൈന്റെ സിദ്ധാന്തത്തിന്റെ കാതൽ. A massive object curves the space around it. ബ്ലാക്ക് ഹോളുകൾക്ക് ഭാരവും (mass) സാന്ദ്രതയും (compactness) കൂടുതലായതിനാൽ സ്‌പേയ്‌സിനെ അത്രയധികം വളയ്ക്കുന്നതുമൂലം പ്രകാശത്തിനുപോലും അതിൽ നിന്ന് പുറത്തുപോകാൻ കഴിയില്ല.

ബ്ലാക്ക് ഹോളുകളുടെ നിലനിൽപ്പ് 1916 ൽ സൈദ്ധാന്തികമായി പ്രവചിക്കുമ്പോൾ അവ ഈ ഭൗതിക ലോകത്ത് നിലനിൽക്കാവുന്ന വസ്തുക്കളാണെന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ, അതിഭാരമുള്ള നക്ഷത്രങ്ങൾ അവയുടെ അവസാനകാലത്ത് ബ്ലാക്ക് ഹോളുകളായി മാറുന്നു എന്ന് ഇന്ന് നമുക്കറിയാം. നമ്മുടെ ഗാലക്‌സിയിൽത്തന്നെ അനേകം ബ്ലാക്ക് ഹോളുകൾ ഉണ്ട്.അതുപോലെ തന്നെ വേംഹോളുകളേയും നാളെ കണ്ടെത്തിക്കൂടേ എന്നു ചോദിക്കാം. ഇന്റർസ്റ്റെല്ലാർ സിനിമയുടെ ശാസ്ത്ര ഉപദേഷ്ടാവും എക്‌സിക്യുട്ടീവ് പ്രോഡ്യൂസറുമായി പ്രവർത്തിച്ച ഭൗതികശാസ്ത്രജ്ഞൻ കിപ്പ് തോൺ അടക്കമുള്ള പല ശാസ്ത്രജ്ഞരും 1980 കളിൽ ഈ ചോദ്യം സ്വയം ചോദിക്കുകയും വേം ഹോളുകളുടേ സ്വഭാവം സൈദ്ധാന്തികമായി പഠിക്കുകയും ചെയ്തു.

അവർ കണ്ടെത്തിയ ഒരു കാര്യം, വേം ഹോളിന്റെ ദ്വാരം തുറന്നിരിക്കണമെങ്കിൽ അതിന്റെ ചുമരുകളെ ഗുരുത്വാകർഷണ ബലം കൊണ്ട് തള്ളിപ്പിടിക്കുന്ന എന്തെങ്കിലും ഒരു വസ്തു ആ ദ്വാരത്തിനകത്തു വേണം എന്നാണ്. അതായത്, ആ വസ്തു മറ്റു വസ്തുക്കളെ ഗുരുത്വാകർഷണബലം കൊണ്ട് വികർഷിക്കണം. ഇതൊരു പ്രശ്‌നമാണ്. കാരണം, നമുക്ക് അറിയാവുന്ന എല്ലാ വസ്തുക്കളും ഗുരുത്വാകർഷണബലം കൊണ്ട് പരസ്പരം ആകർഷിക്കുകയാണ് ചെയ്യുന്നത്. We do not know any object that would repel another using gravitational force. അങ്ങനെ ഒരു വസ്തു പ്രകൃതി ദത്തമായി ഉണ്ടാവില്ല എന്ന് ഭൗതികശാസ്ത്രത്തിന്റെ ചില അടിസ്ഥാന നിയമങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് സ്ഥാപിക്കാൻ സാധിക്കും. പക്ഷേ, അനന്തമായ കഴിവുകളുള്ള ഒരു ജീവിവർഗ്ഗം എന്നെങ്കിലും ഒരു പക്ഷേ അങ്ങനെ ഒരു അസാധാരണമായ വസ്തു നിർമ്മിച്ചു കൂടായ്കയില്ല. അങ്ങനെ ആരോ നിർമ്മിച്ച ഒരു വേംഹോൾ ആണ് സിനിമയിലെ ബഹിരാകാശ യാത്രികരെ സഹായിക്കുന്നത്. വാസ്തവത്തിൽ അത് മറ്റാരുമല്ല; ഭൂമിയിലെ മനുഷ്യരുടെ ഭാവി തലമുറ തന്നെയാണ് എന്ന് നമുക്ക് സിനിമയുടെ അവസാനം മനസിലാക്കാം. പക്ഷേ, ഇന്നത്തെ നിലയിൽ ഇത് ഒരു സയൻസ് ഫിക്ഷൻ മാത്രമാണ്.

ബഹിരാകാശയാത്രികർ ഇറങ്ങുന്ന ഒരു ഗ്രഹത്തിലെ ഒരു മണിക്കൂർ ഭൂമിയിലെ 7 വർഷങ്ങൾ ആണെന്നു പറയുന്നുണ്ട്. ഇതെങ്ങനെ സാധ്യമാകും?

മില്ലേഴ്‌സ് പ്ലാനറ്റ് (Miller’s planet) എന്നു വിളിക്കപ്പെടുന്ന ഈ ഗ്രഹം സൂര്യന്റെ 10 കോടിയോളം മടങ്ങ് ഭാരമുള്ള ഒരു ബ്ലാക്ക് ഹോളിനെ ചുറ്റി സഞ്ചരിക്കുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ ബ്ലാക്ക് ഹോളിന്റെ ഗ്രാവിറ്റിയാണ് ഈ പറഞ്ഞ ‘ടൈം ഡയലേഷന്’ (Time dilation) കാരണമാകുന്നത്. അതീവ ഭാരമുള്ള ഒരു വസ്തു അതിന്റെ ഗ്രാവിറ്റി കാരണം സ്‌പേയ്‌സിനെ വളയ്ക്കുന്നു എന്നു നമ്മൾ നേരത്തേ പറഞ്ഞു. ഗ്രാവിറ്റി സ്‌പേയ്‌സിന്റെ (സ്ഥലത്തിന്റെ) സ്വഭാവത്തെ മാത്രമല്ല മാറ്റുന്നത്; സമയത്തിന്റെ പോക്കിനേയും ഇത് ബാധിക്കും. ഐൻസ്‌റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്ത പ്രകാരം പരിപൂർണ്ണമായ അഥവാ പ്രാപഞ്ചികമായ ഒരു സമയം ഇല്ല. സമയവും ആപേക്ഷികമാണ്. 

ഈ ബ്ലാക്ക് ഹോളിന്റെ ശക്തമായ ഗ്രാവിറ്റി കാരണം അതിന്റെ പരിസരത്ത് അക്ഷരാർത്ഥത്തിൽ തന്നെ സമയം പതുക്കെയേ നീങ്ങൂ. തീർച്ചയായും, അവിടെ നിൽക്കുന്ന ആളുകൾക്ക് സമയത്തിന്റെ പോക്കിൽ അസ്വഭാവികമായി ഒന്നും തോന്നുകയില്ല. പക്ഷേ, ഈ പ്രതിഭാസം ഒരു പരീക്ഷണത്തിലൂടെ കൃത്യമായി അളക്കാവുന്നതാണ്. ഉദാഹരണത്തിന്, ഒരു ബഹിരാകാശ യാത്രികൻ ഭൂമിയിൽനിന്ന് യാത്രപുറപ്പെടുന്നതിനു മുമ്പ് ഒരേ രീതിയിൽ പ്രവർത്തിക്കുന്ന അതികൃത്യമായ രണ്ട് ക്ലോക്കുകൾ തയ്യാറാക്കുന്നു എന്നു വിചാരിക്കുക. അതിൽ ഒന്ന് ഭൂമിയിൽ വയ്ക്കുകയും രണ്ടാമത്തേത് മില്ലേഴ്‌സ് പ്ലാനറ്റിലേക്കുള്ള യാത്രയിൽ കൂടെക്കൊണ്ടുവരുന്നു എന്നും വിചാരിക്കുക. ബഹിരാകാശയാത്രയിലോ മില്ലേഴ്‌സ് പ്ലാനറ്റിലെ താമസത്തിലോ ഒന്നും സമയത്തെ സംബന്ധിച്ച ഒരു അസ്വാഭാവികതയും അവർക്ക് അനുഭവപ്പെടില്ല. പക്ഷെ ഭൂമിയിൽ തിരിച്ചെത്തി രണ്ടു ക്ലോക്കുകളിലേയും സമയം താരതമ്യം ചെയ്താൽ ഭൂമിയിൽ വച്ചിരുന്ന ക്ലോക്കിലെ
സമയം ബഹുദൂരം മുന്നോട്ടു പോയതായി അവർ കാണും. ഇത് ഒരു സാങ്കൽപ്പിക പരീക്ഷണം മാത്രമല്ല. ഗ്രാവിറ്റേഷണൽ ടൈം ഡയലേഷൻ (gravitational time dilation), ഗ്രാവിറ്റേഷണൽ റെഡ് ഷിഫ്റ്റ് (gravitational red shift) എന്നൊക്കെ വിളിക്കപ്പെടുന്ന ഈ പ്രതിഭാസം ഭൂമിയിലെ ലാബറട്ടറികളിൽ തന്നെ ദർശിക്കാവുന്നതാണ്. ഭൂമിയുടെ ഗ്രാവിറ്റി അത്രയൊന്നും ശക്തമല്ലാത്തതുകൊണ്ട് ഇതിന്റെ ഫലം അത്ര നാടകീയമാവില്ല എന്നു മാത്രം. നമ്മൾ വളരെ സാധാരണമായി ഉപയോഗിക്കുന്ന ജി.പി.എസ് (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം) അടക്കം കൃത്യമായി പ്രവർത്തിക്കണമെങ്കിൽ ഭൂമിയുടെ ഗ്രാവിറ്റികൊണ്ടുള്ള ഈ ഗ്രാവിറ്റേഷണൽ റെഡ്ഷിറ്റ് കൃത്യമായി കണക്കുകൂട്ടുകയും പരിഗണിക്കുകയും വേണം.

അപ്പോൾ അച്ഛൻ ചെറുപ്പക്കാരനായിരിക്കുമ്പോൾ മകൾക്ക് വയസ്സാകുന്നതടക്കം സാധ്യമാണെന്നാണോ പറയുന്നത്? ഇത് സാമാന്യയുക്തിക്ക് നിരക്കുന്നതല്ലല്ലോ? ആളുകൾക്ക് വയസ്സാകുന്നതിന് പ്രകൃതിപരമായ ഒരു വേഗത കാണില്ലേ? അതുമാത്രമല്ല, വയസ്സാവുക എന്നത് ഒരു ശാരീരികമായ കാര്യം മാത്രമല്ലല്ലോ? ആളുകളുടെ അനുഭവത്തിനും അതിൽ ഒരു സ്ഥാനമില്ലേ?

ശരീരത്തിലെ മെറ്റബോളിസത്തിന്റെയും, കോശങ്ങൾ വിഘടിക്കുന്നതിന്റെയുമൊക്കെ വേഗതയാണ് നമ്മുടെ വളർച്ചയുടെ വേഗതയെ നിർണയിക്കുന്നത്. പക്ഷേ, ഇതൊന്നും പ്രാപഞ്ചികമായ ഒന്നല്ല. അതായത്, ഭൂമിയിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു സാഹചര്യത്തിലാണ് നമ്മൾ ജീവിക്കുന്നതെങ്കിൽ വളരുന്നതിന്റെയും വയസ്സാകുന്നതിന്റേയുമൊക്കെ വേഗത ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായേക്കാം. Unlike Physics, Biology has no universal rules that apply to every part of the Universe. ഉദാഹരണത്തിന്, ഭൂമിയിലെ ജീവന്റെ അടിസ്ഥാനമായ മിക്കവാറും എല്ലാ തന്മാത്രകളുടേയും അടിസ്ഥാനം കാർബൺ എന്ന മൂലകമാണ്. പക്ഷേ, ഭൂമിയിൽനിന്നും വളരെ വ്യത്യസ്തമായ സാഹചര്യങ്ങളുള്ള മറ്റൊരു ഗ്രഹത്തിൽ ഉണ്ടാകാവുന്ന ജീവരൂപങ്ങൾ അടിസ്ഥാനമാക്കുന്നത് മറ്റേതെങ്കിലും രാസപദാർത്ഥത്തെയാകാം. അതുകൊണ്ട്, ഭൂമിയിലെ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി വികസിപ്പിച്ച ബയോളജി മറ്റു സാഹചര്യങ്ങളിൽ അതേപടി പ്രയോഗിക്കുന്നതിൽ ചില പരിമിതികളുണ്ട്.

 ഞാൻ പറഞ്ഞുവരുന്നത്, ഭൂമിയിലും മില്ലേഴ്‌സ് പ്ലാനെറ്റിലും ആളുകൾ വളരുകയും വയസ്സാകുകയും ചെയ്യുന്നത് വ്യത്യസ്തമായ വേഗതയിലാകാം എന്നത് അൽഭുതകരമാണെങ്കിൽ പോലും അശാസ്ത്രീയമല്ല എന്നാണ്. കഥാനായകനേ സംബന്ധിച്ചിടത്തോളം അയാൾ കുറച്ച് മണിക്കൂറുകളേ അവിടെ ജീവിച്ചിട്ടുള്ളൂ. അതിനനുപാതികമായ അനുഭവമേ അയാൾക്ക് നേടാൻ സാധിച്ചിരിക്കൂ. അതേ സമയം, ഭൂമിയിലുള്ള മകളാകട്ടെ, അനേകം വർഷങ്ങൾ ജീവിക്കുകയും അനുഭവം നേടുകയും ചെയ്തു. തീർച്ചയായും, അനുഭവം എന്നൊക്കെയുള്ള സങ്കൽപ്പം ഭൗതികശാസ്ത്രത്തിന്റെ വിശദീകരണത്തിൽ ഒതുങ്ങുന്ന ഒന്നല്ല. But, if we assume that thought and experience have a chemical or physical basis(for example, certain activities related to neurons in our brain), it is quite plausible that the slowing down of the biological clock can also slow down the accumulation of experience.

ഈ സിനിമയിൽ ചിത്രീകരിച്ചിട്ടുള്ള സാഹചര്യം ഗൗരവകരമായ ഒരു സാധ്യത തന്നെയാണ്. 2012 പോലെയുള്ള സിനിമകൾ പോലെയുള്ള വെറും ഭാവനാസൃഷ്ടിയല്ല. ആഗോളവ്യാപകമായി കാലാവസ്ഥ വലിയതോതിൽ മാറിക്കൊണ്ടിരിക്കുകയാണെന്നും അതിന്റെ പ്രധാനകാരണം നമ്മുടെ താപ വൈദ്യുതനിലയങ്ങളും, വ്യവസായശാലകളും, വാഹനങ്ങളുമൊക്കെ പുറത്തുവിടുന്ന കാർബൺ ഡയോക്‌സൈഡ് പോലെയുള്ള ഗ്രീൻ ഹൗസ് ഗ്യാസുകൾ (ഹരിത ഗൃഹവാതങ്ങൾ) ആണെന്നുമുള്ള വസ്തുത ഇന്ന് തർക്കത്തിനിടയില്ലാത്ത തരത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

പക്ഷേ, ഇത് ഇങ്ങനെതന്നെ തുടരുമോ, അതിന്റെ ആഘാതങ്ങൾ എന്തൊക്കെയായിരിക്കും എന്നൊക്കെ അത്ര എളുപ്പത്തിൽ പറയാൻ പറ്റില്ല. കാരണം, നമ്മുടെ ഗ്രീൻഹൗസ് ഗ്യാസ് എമിഷൻ (ഹരിത ഗൃഹവാതകങ്ങൾ പുറത്തുവിടുന്നതിന്റെ അളവ്) ഭാവിയിൽ എങ്ങനെ ആയിരിക്കും എന്നത് മനുഷ്യരാശി ഈ പ്രശ്‌നത്തിൽ എന്തു തീരുമാനമെടുക്കുന്നു എന്നതിനെ അനുസരിച്ചിരിക്കും. മാത്രമല്ല, കാലാവസ്ഥ എന്നത് വളരെ സങ്കീർണമായൊരു വ്യവസ്ഥയാണ്. അതിനെ നിയന്ത്രിക്കുന്ന എല്ലാ വശങ്ങളും ശാസ്ത്രലോകത്തിന് ഇനിയും മനസ്സിലായിട്ടില്ല. ഇത്തരം അനിശ്ചിതത്വങ്ങൾ ഒക്കെ ഉണ്ടെങ്കിലും, കാലാവസ്ഥാമാറ്റം ഈ നിരക്കിൽ തന്നെ തുടരുകയാണെങ്കിൽ അതിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും എന്നത് ഏറെക്കുറെ ഉറപ്പാണ്. അന്യഗ്രഹങ്ങളിലേക്ക് മാറിത്താമസിക്കൽ എന്നത് പറയുന്നപോലെ എളുപ്പത്തിൽ സാധ്യമാവുന്ന ഒന്നല്ല. മനുഷ്യരാശി ഇക്കാര്യത്തിൽ വിവേക പൂണ്ണമായ തീരുമാനങ്ങൾ എടുക്കുമെന്ന് പ്രത്യാശിക്കാം.

Comments

Post a Comment

Popular posts from this blog

ഇല്ലുമിനാറ്റി - ലോകം ഭരിക്കുന്നവർ !

ടൈം ട്രാവൽ സാധ്യമോ ?