ഇല്ലുമിനാറ്റി - ലോകം ഭരിക്കുന്നവർ !

Image
2300 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ രൂപം കൊണ്ട ഒരു നിഗൂഢമായ ഒരു സംഘം ഉണ്ടായിരുന്നു... ഇല്ലുമിനാറ്റികൾ എന്ന് കേൾക്കുമ്പോൾ നമ്മൾ ആദ്യം ചിന്തിക്കുന്നത് അത് ഏതോ യൂറോപ്യൻ അധോലോകത്തിന്റെ വലിയ ഒരു സംഭവമാണ് എന്നായിരിക്കാം. എന്നാൽ ഇല്ലുമിനാറ്റി എന്ന നിഗൂഡമായ പ്രസ്ഥാനം പോലെ ആദ്യമായി ഉണ്ടായതിൽ ഒന്ന് നമ്മൾ ഇന്ത്യക്കാരുടെ തന്നെയാണ് എന്ന് കേൾക്കുമ്പോൾ നമ്മൾ ചിലപ്പോൾ ആശ്ചര്യപ്പെട്ടു പോയേക്കാം. ഇതിനെ കുറിച്ചു ലഭ്യമായ തെളിവുകൾ ആദ്യമായി എഴുതിയത് ഒരു ഫ്രഞ്ച് എഴുത്തുകാരൻ ആണ് ,അതിനു ശേഷം ഇന്ത്യയിൽ 25 വർഷം ജോലി ചെയ്ത ബ്രിട്ടീഷ്‌ പോലീസ് ഓഫീസറായാ ടാൽബോട് മുണ്ടി ഇതിനെ കുറിച്ചു കുറേയേറെ സത്യവും മിഥ്യയും ചേർത്തു ഒരു പുസ്തകം നോവൽ രൂപത്തിൽ എഴുതിയിട്ടുണ്ട്.  പിതാവായ ചന്ദ്രഗുപ്ത്തനേ പോലെ ഈ ലോകം മുഴുവൻ കീഴടക്കുവാൻ മഹാനായ അശോക ചക്രവർത്തി തിരുമാനിച്ചു. അങ്ങനെ കലിംഗ കീഴടക്കുവാൻ പുറപ്പെട്ട അശോക ചക്രവർത്തിക്ക് കലിഗ നിവാസികളുടെ ഭാഗത്ത് നിന്നും അതിരൂക്ഷമായ ചെറുത്ത് നില്പ് നേരിടേണ്ടി വന്നു. ആ യുദ്ധത്തിൽ ഏകദേശം ഒരുലക്ഷത്തില്പരം പുരുഷമാർ മരിച്ചു വീണതായി കരുതുന്നു. യുദ്ധാനന്തരം പോർമുഖം സന്ദർശിച്ച ചക്രവർത്തി അവിടെ കണ്ട കാഴ്ച

മാപ്പിള ലഹള

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ നേതൃത്വം 1919-ൽ മഹാത്മാഗാന്ധി ഏറ്റെടുത്തതോടുകൂടി മലബാറിലെ രാഷ്ട്രീയ പ്രക്ഷോഭണങ്ങളുടെ ചരിത്രത്തിൽ ഒരു പുതിയ ഘട്ടം സമാരംഭിച്ചു. വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെയുള്ള പ്രക്ഷോഭണരീതി അവസാനിപ്പിച്ച് സ്വരാജ്യം നേടുന്നതിന് അഹിംസാപരമായ നിസ്സഹകരണമാർഗ്ഗം സ്വീകരിക്കുവാനുള്ള തീരുമാനം 1920-ൽ നാഗ്പൂർ കോൺഗ്രസ്സ് കൈക്കൊണ്ടത് ജില്ലയിൽ പൊതുവേ ആവേശം പകർന്നു. വിദേശവസ്തുക്കൾ, നീതിന്യായ കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ വ്യാപകമായ ബഹിഷ്കരണത്തിനുള്ള പരിപാടികൾ ആസൂത്രണം ചെയ്യപ്പെട്ടു. ഈ കാലഘട്ടത്തിലാണ് ലോകത്തെമ്പാടുമുള്ള മുസ്ലീങ്ങളെ അസ്വസ്ഥരാക്കിയ ഖിലാഫത്ത് പ്രശ്നം ഉടലെടുത്തത്. മുസ്ലിങ്ങളുടെ ആദ്ധ്യാത്മികനേതാവ് (ഖാലിഫ്) ആയിരുന്നു തുർക്കി സുൽത്താൻ. ഒന്നാം ലോകമഹായുദ്ധത്തിൽ തുർക്കി ജർമ്മനിയോടു ചേർന്ന് ബ്രിട്ടണെതിരായി പൊരുതിയെങ്കിലും യുദ്ധാനന്തരം സുൽത്താന്‍റെ താത്പര്യങ്ങൾക്കു ഹാനികരമായി യാതൊന്നും ചെയ്യുന്നതല്ലെന്ന് ബ്രിട്ടീഷ് ഗവൺമെന്‍റ് വ്യക്തമായ ഉറപ്പു നല്കിയിരുന്നു. പക്ഷേ, ഈ ഉറപ്പിനു വിപരീതമായിട്ടാണ് ബ്രിട്ടൻ പ്രവർത്തിച്ചത്. മറ്റു രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലെ മുസ്ലീങ്ങളെയും ഇതു ബ്രിട്ടനെതിരായി അണിനിരക്കാൻ പ്രേരിപ്പിച്ചു. ഈ ഖിലാഫത്ത് പ്രസ്ഥാനവും മലബാറിലെ നിസ്സഹകരണപ്രസ്ഥാനവും ഒരേ കാലത്തുതന്നെയാണു നടന്നത്. മലബാറിലെ ജനസംഖ്യയിൽ ഒരു നല്ല വിഭാഗം മുസ്ലിങ്ങളുണ്ടായിരുന്നതിനാൽ കോൺഗ്രസ്റ്റും ഖിലാഫത്ത് പ്രസ്ഥാനവും ഒത്തുചേർന്ന് ഒരു പ്രസ്ഥാനമായി മാറി. മഹാത്മാഗാന്ധിയും മൗലാനാ ഷൗക്കത്ത് ആലിയും നിസ്സഹകരണ പ്രസ്ഥാനത്തിന്‍റെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെയും സന്ദേശം ജില്ലയിലെങ്ങും പ്രചരിപ്പിക്കുന്നതിന് മലബാർ സന്ദർശിച്ചു. എല്ലായിടത്തും ഖിലാഫത്ത് കമ്മിറ്റികൾ രൂപംകൊള്ളുകയും അവ കോൺഗ്രസ്സ് കമ്മിറ്റികളോട് സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്തു. ഈ ഘട്ടത്തിൽ മലബാറിലെ മുസ്ലിങ്ങൾ ദേശീയ പ്രസ്ഥാനത്തിലേക്ക് ധാരാളമായി കടന്നു വന്നു.

മദ്രാസിലെ ഒരു പ്രമുഖ കോൺഗ്രസ്സ് മുസ്ലിം നേതാവായ യാക്കൂബ് ഹസ്സൻ 1921-ൽ കോഴിക്കോട് സന്ദർശിച്ചത് മലബാറിൽ പ്രസ്ഥാനത്തിന് ഉത്തേജനം പകർന്നു. അദ്ദേഹം പങ്കെടുത്തു സംസാരിക്കാനിരുന്ന ഒരു പൊതുസമ്മേളനം ഗവൺമെന്‍റ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 144-ാം വകുപ്പ് അനുസരിച്ച് നിരോധിച്ചു. ആ സമ്മേളനത്തെ അഭിസംബോധന ചെയ്യുവാൻ തയ്യാറായിരുന്ന യു.ഗോപാലമേനോൻ, കെ.മാധവൻനായർ, മൊയ്തീൻകോയ എന്നീ കോൺഗ്രസ്സ് നേതാക്കൾക്കും നിരോധനാജ്ഞ ലഭിച്ചു. പക്ഷേ, നിരോധനം ലംഘിച്ച് സംസാരിക്കാൻതന്നെയാണ് ഈ നേതാക്കളെല്ലാം തീരുമാനിച്ചത്. അതിന്‍റെ പേരിൽ ഗവൺമെന്‍റ് ഇവരെയെല്ലാം അറസ്റ്റു ചെയ്യുകയും ആറുമാസം വെറും തടവിനു ശിക്ഷിക്കുകയും ചെയ്തു. 1921-ൽ കേരളാ പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ഔപചാരികമായി നിലവിൽ വരികയും കെ.മാധവൻനായർ അതിന്‍റെ ആദ്യത്തെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മാധവൻനായരെ അറസ്റ്റ് ചെയ്തപ്പോൾ കെ.പി.കേശവമേനോൻ ആ സ്ഥാനം ഏറ്റെടുത്തു. മലബാറിൽ ഖിലാഫത്തിന്‍റെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള ചുമതല ദേശീയ മുസ്ലിം നേതാവായ മുഹമ്മദ് അബ്ദുൾ റഹ്മാന് ആയിരുന്നു. 1921 ഏപ്രിലിൽ ആദ്യത്തെ അഖിലകേരള സമ്മേളനം ആന്ധ്ര കേസരി ടി.പ്രകാശത്തിന്‍റെ ആദ്ധ്യക്ഷ്യത്തിൽ ഒറ്റപ്പാലത്തു നടന്നു. മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ മൂന്നു പ്രദേശങ്ങളിൽനിന്നുള്ള കോൺഗ്രസ്സ് പ്രതിനിധികൾ പങ്കെടുത്ത ആദ്യത്തെ സമ്മേളനം ഇതായിരുന്നു എന്നത് ഇവിടെ പ്രസ്താവ്യമാണ്. ഈ സമ്മേളനത്തിന്‍റെ മറ്റൊരു പ്രത്യേകത അതേ വേദിയിൽത്തന്നെ ഖിലാഫത്ത് സമ്മേളനം കൂടാതെ കുടിയാന്മാരുടെയും വിദ്യാർത്ഥികളുടെയും സമ്മേളനങ്ങൾ കൂടി നടന്നു എന്നതാണ്. ഒറ്റപ്പാലം സമ്മേളനം നിസ്സഹകരണപ്രസ്ഥാനത്തിനു പരിപൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ബഹിഷ്കരണപരിപാടികൾ വിജയകരമായി നടപ്പാക്കുന്നതിന് നിയമജ്ഞർ വിദ്യാർത്ഥികൾ വ്യാപാരികൾ എന്നിവരെ ആഹ്വാനം ചെയ്യുകയും ചെയ്തു. സമ്മേളനം നടക്കുമ്പോൾ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന ഹിച്ച് കോക്കിന്‍റെ നേതൃത്വത്തിൽ പോലീസ് കോൺഗ്രസ്സിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും പെട്ട ചില പ്രമുഖരെ കൈയേറ്റം ചെയ്തുവെങ്കിലും ജനം പ്രശംസനീയമാംവിധം സംയമനം പാലിക്കുകയും അഹിംസാപൂർവ്വം പെരുമാറുകയും ഉണ്ടായി.

ഒറ്റപ്പാലം സമ്മേളനത്തിനു തൊട്ടു പിൻപുള്ള കാലഘട്ടത്തിലാണ് മലബാർ ജില്ലയെ ആകെ ഇളക്കി മറിച്ച മാപ്പിള ലഹള (1921) എന്നറിയപ്പെടുന്ന മലബാർ ലഹള പൊട്ടിപ്പുറപ്പെട്ടത്. മാപ്പിള സമുദായത്തിൽ ഖിലാഫത്ത് പ്രസ്ഥാനം ദൃഢമായ മുദ്ര പതിച്ചിരുന്നു. ഏറനാടും വല്ലുവനാടും താലൂക്കുകളായിരുന്നു അതിന്‍റെ ശക്തി കേന്ദ്രങ്ങൾ. ഈ പ്രദേശങ്ങളിൽ പ്രസ്ഥാനത്തിനുണ്ടായ സ്വാധീനം കണ്ട് അസ്വസ്ഥമായിത്തീർന്ന ബ്രിട്ടീഷ് ഗവൺമെന്‍റ് ഈ രണ്ടു താലൂക്കുകളെയും ഇന്ത്യൻ ശിക്ഷാനിയമത്തിലെ നൂറ്റിനാല്പത്തിനാലാം വകുപ്പിൻകീഴിൽ കൊണ്ടുവരികയും എല്ലാ സമ്മേളനങ്ങളും പ്രകടനങ്ങളും നിരോധിക്കുകയും ചെയ്തു. ഈ ഘട്ടത്തിൽ ഏറനാടു താലൂക്കിലുള്ള പൂക്കൊട്ടൂരിൽ ഗുരുതരമായ ഒരു കലാപം പൊട്ടിപ്പുറപ്പെട്ടു. ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന വടക്കേവീട്ടിൽ മുഹമ്മദിന്‍റെ ഭവനത്തിൽ പോലീസ് ബലം പ്രയോഗിച്ചുകയറി. നിലമ്പൂർ തിരുമുൽപ്പാടിന്‍റെ വക ഒരു തോക്ക് പൂക്കൊട്ടൂർ കൊട്ടാരത്തിൽ നിന്നു മോഷ്ടിച്ചു എന്ന കുറ്റം ചുമത്തി അയാളെ അറസ്റ്റു ചെയ്യാൻ ശ്രമിച്ചു. ചുറ്റുപാടുമുള്ള പള്ളികളിൽനിന്നു പെരുമ്പറ മുഴക്കി അറിയിച്ചതിനെ തുടർന്ന് ആ പ്രദേശത്തുള്ള ആയിരക്കണക്കിനു മാപ്പിളമാർ പിശ്ശാത്തി, വാൾ, കുന്തം എന്നീ ആയുധങ്ങൾ ധരിച്ചുകൊണ്ട് അവിടെ തടിച്ചുകൂടി മുഹമ്മദിനെ അറസ്റ്റു ചെയ്യാനുള്ള പോലീസിന്‍റെ ശ്രമത്തെ പരാജയപ്പെടുത്തി. ഈ സമയം കോഴിക്കോട്ടു നിന്ന് ഹിച്ച് കോക്കിന്‍റെ നേതൃത്വത്തിൽവന്ന ഒരു പോലീസ് പാർട്ടി മുഹമ്മദിനെ തെരയുന്നു എന്ന ഭാവത്തിൽ തിരുരങ്ങാടിയിലെ മുസ്ലിം പള്ളിയിൽ പ്രവേശിച്ചു. പോലീസിന്‍റെ ഈ പ്രവൃത്തി മാപ്പിളമാരുടെ മതവികാരങ്ങളെ വ്രണപ്പെടുത്തി. അതു വ്യാപകമായ അക്രമപ്രവർത്തനങ്ങൾക്കു വഴിതെളിച്ചു. വള്ളുവനാട് താലൂക്കുകളെ വലയം ചെയ്തു. വിപ്ലവകാരികൾ പോലീസ് സ്റ്റേഷനുകൾ ആക്രമിക്കുകയും ഗവൺമെന്‍റ് ഖജനാവുകൾ കുത്തിക്കവരുകയും രജിസ്ട്രാഫീസുകളിലും കോടതികളിലും കയറി രേഖകൾ നശിപ്പിക്കുകയും ചെയ്തു. അക്കൂട്ടരിൽ അമിതോത്സാഹികളായ ചിലർ ജഡ്ജിമാരുടെ പീഠങ്ങളിൽ കയറിയിരുന്ന് ബ്രിട്ടീഷ് ഭരണം അവസാനിച്ചതായും സ്വരാജ്യം ലഭിച്ചു കഴിഞ്ഞതായും പ്രഖ്യാപിച്ചു. കലാപം വ്യാപിച്ചതോടെ മലപ്പുറം, തിരൂരങ്ങാടി, മഞ്ചേരി, പെരിന്തൽമണ്ണ തുടങ്ങിയ സ്ഥലങ്ങളിൽ ബ്രിട്ടീഷ് ഭരണം പ്രായോഗികമായി മിക്കവാറും തുടച്ചുനീക്കപ്പെട്ടു. ഈ സ്ഥലങ്ങൾ യഥാർത്ഥത്തിൽ വിപ്ലവനേതാക്കളുടെ നിയന്ത്രണത്തിലായി.

വലിയകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, കുമരൻപുത്തൂരിലെ സീതിക്കോയതങ്ങൾ, ആലിമുസലിയാർ എന്നിവരായിരുന്നു കലാപം നയിച്ച മൂന്നു പ്രമുഖ നേതാക്കൾ. ഏറനാട്, വള്ളുവനാട് എന്നീ താലൂക്കുകൾ പൂർണ്ണമായും കുഞ്ഞഹമ്മദ് ഹാജിയുടെ നിയന്ത്രണത്തിലായിരുന്നു. തന്‍റെ സാമ്രാജ്യം വിട്ടു പോകാൻ ആഗ്രഹിക്കുന്നവർക്ക് ഫീസ് ചുമത്തി അദ്ദേഹം പാസ്പോർട്ടുകൾപോലും നല്കുമായിരുന്നു. “ഖിലാഫത്ത് യൂണിഫോമും ഒരു ബാഡ്ജും ധരിച്ച് തലയിൽ ഒരു ഫെസ് തൊപ്പിയും അണിഞ്ഞ് കൈയിൽ വാളുമായി ഹിന്ദുക്കളുടെ രാജാവായും, മുസ്ലിങ്ങളുടെ അമീറായും, ഖിലാഫത്ത് സൈന്യത്തിന്‍റെ അധിപനായും ഭാവിച്ച അദ്ദേഹം യഥാർത്ഥത്തിൽ വള്ളുവനാടിന്‍റെയും ഏറനാടിന്‍റെയും ഭരണാധിപനായി മാറി’ എന്ന് എ.കെ.ഗോപാലൻ രേഖപ്പെടുത്തുന്നു. കൊള്ളയും പീഡനവും നടത്തുന്നതിനെതിരെ തന്‍റെ ആളുകൾക്ക് അദ്ദേഹം കർശന ഉത്തരവുകൾ നല്കിയിരുന്നു. സീതിക്കോയതങ്ങളാകട്ടെ, തന്‍റെ ഭരണപ്രദേശത്ത് ക്രമസമാധാനം ശരിക്കും പാലിച്ചിരുന്നു. അദ്ദേഹവും കൊള്ള നടത്തുന്നതിൽനിന്ന് അനുയായികളെ വിലക്കിയിരുന്നു. ആലിമുസലിയാർ, ‘രാജാവ് ’ എന്ന പദവിതന്നെ സ്വീകരിച്ചു. തന്‍റെ നിയന്ത്രണത്തിൻകീഴിലുള്ള പ്രദേശങ്ങളിൽ ഒറ്റ ഹിന്ദുവിനെപ്പോലും ഉപദ്രവിക്കുകയോ ആരുടെയെങ്കിലും വസ്തുവകകൾ കൊള്ളചെയ്യുകയോ അരുതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കലാപകാരികളുടെ ഭരണം ഒരു യാഥാർത്ഥ്യമായതുപോലെ ജനങ്ങൾക്കു തോന്നി, ആഗസ്റ്റ് മാസാവസാനത്തോടുകൂടി ബ്രിട്ടീഷ് പട്ടാളത്തിന്‍റെ നിരവധി കുപ്പിണികളും ഗൂർഖകളും രംഗത്തെത്തി സായുധരായ മാപ്പിളവിപ്ലവകാരികളെ നേരിട്ടു. പൂക്കൊട്ടൂരിൽവച്ചു നടന്ന ഒരു പ്രധാന ഏറ്റുമുട്ടലിൽ ഏകദേശം ഇരുനൂറോളം മാപ്പിള കലാപകാരികൾ കൊല്ലപ്പെട്ടു. മാപ്പിളമാർ ഒളിപ്പോർമുറ സ്വീകരിച്ച് ബ്രിട്ടീഷ് പട്ടാളക്കാരെയും ഗൂർഖകളെയും എല്ലാ വശങ്ങളിൽനിന്നും ആക്രമണം നടത്തി വളരെയേറെ വിഷമിപ്പിച്ചു. സൈനികനിയമപാലനം കൂടുതൽ കർക്കശമായി. ഈ ഘട്ടത്തിലാണ് നിരാശപൂണ്ട മാപ്പിളമാർ നിർബന്ധിത മതപരിവർത്തനം, കൊള്ള, കൊല എന്നീ അനാശാസ്യപ്രവർത്തനങ്ങളിൽ വ്യാപൃതരായത്.

1921 നവംബറിൽ ഇരുപതാം തീയതി മലബാർ ലഹളയുടെ ചരിത്രത്തിൽ ഏറ്റവും ദയനീയമായ ഒരു സംഭവം നടന്നു. അന്ന് നൂറോളം മാപ്പിള കലാപകാരികളെ അറസ്റ്റു ചെയ്ത് ഹിച്ച്കോക്കിന്‍റെ നേരിട്ടുള്ള മേൽ നോട്ടത്തിൽത്തന്നെ അടച്ചു മൂടിയ ഒരു റെയിൽവേ വാഗണിൽ തള്ളിക്കയറ്റി. ബല്ലാറി ജയിലിലടയ്ക്കാനായി തിരൂരിൽനിന്നു കോയമ്പത്തൂരിലേക്കു കൊണ്ടുപോയി. ചൂടും ദാഹവും വിശപ്പും സഹിക്കവയ്യാതെ അതിനകത്തു കിടന്ന് തടവുകാർ വീർപ്പുമുട്ടി. പോത്തന്നൂരിൽ എത്തി വണ്ടി തുറന്നു നോക്കിയപ്പോൾ അതിനകത്തുണ്ടായിരുന്നവരിൽ അറുപത്തിനാല് പേർ ശ്വാസംമുട്ടി മരിച്ചു കഴിഞ്ഞിരുന്നു. ബാക്കിയുള്ളവർ മരണത്തിന്‍റെ വക്കത്ത് എത്തിനില്ക്കയായിരുന്നു. അവരിൽ ചിലർ പിന്നീട് മരിച്ചു. ‘വാഗൺദുരന്തം’ എന്ന പേരിൽ പില്ക്കാലത്ത് കുപ്രസിദ്ധി നേടിയ ഈ സംഭവം മലബാർ കലാപം അടിച്ചമർത്തുന്നതിന് ബ്രിട്ടീഷ് അധികാരികൾ സ്വീകരിച്ച മനുഷ്യത്വരഹിതമായ മാർഗ്ഗങ്ങളെക്കുറിച്ച് ലോകം അറിയാൻ ഇടയാക്കി. രാജ്യത്തെമ്പാടുമുള്ള ജനത്തെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു ഇത്. ഇന്ത്യാചരിത്രകാരനായ സുമീത് സർക്കാർ ഈ സംഭവത്തെ ‘പോത്തന്നൂരിലെ ഇരുട്ടറ’ (Black Hole) എന്നു വിശേഷിപ്പിക്കുന്നു. മരിച്ചുപോയ തടവുകാരുടെ കുടുംബങ്ങൾക്ക് സർക്കാർ മുന്നൂറുറുപ്പിക വീതം സഹായധനം നല്കി. മലബാർ ലഹള കോൺഗ്രസ്സ് പ്രവർത്തകർക്ക് അഹിംസാ മാർഗ്ഗത്തെക്കുറിച്ചു പ്രചരണം നടത്തുന്നതിനും കലാപം മൂലം കഷ്ടതയനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നതിനും ഉള്ള അവസരം നല്കി. ലഹളബാധിത പ്രദേശത്തുനിന്ന് ഏകദേശം ഇരുപതിനായിരം അഭയാർത്ഥികൾ തങ്ങളുടെ വീടുപേക്ഷിച്ച് കോഴിക്കോട്, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിൽ രക്ഷ നേടി.

എം.പി.നാരായണ മേനോൻ, കെ.മാധവൻനായർ, കെ.കേളപ്പൻ, ഇ.മൊയ്തു മൗലവി, മുഹമ്മദ് അബ്ദുർറഹിമാൻ, ഹസ്സൻകോയ മൊല്ല തുടങ്ങിയ നേതാക്കൾ ജ്വലിച്ചു നിന്ന വികാരങ്ങളെ മയപ്പെടുത്താനും സമാധാനം നിലനിർത്താനും കിണഞ്ഞു പരിശ്രമിച്ചു. എന്നാൽ മാപ്പിളകലാപകാരിളോട് സഹതാപം കാട്ടുന്നു എന്ന പേരിൽ ബ്രിട്ടീഷ് ഗവൺമെന്‍റ് അനവധി കോൺഗ്രസ്സ് നേതാക്കളെ അറസ്റ്റ് ചെയ്യുകയും പല കാലയളവുകളിലേക്കായി ശിക്ഷിച്ച് ജയിലിലടയ്ക്കുകയും ചെയ്തു. കലാപത്തിന്‍റെ നിർണ്ണായകമായ ഒരു ഘട്ടത്തിൽ മാപ്പിളമാരിൽ സ്വാധീനം ചെലുത്തി അനേകം ഇംഗ്ലീഷുകാരുടെ ജീവൻ രക്ഷിച്ച എം.പി.നാരായണ മേനോനെപ്പോലും രാജ്യദ്രോഹക്കുറ്റം ചുമത്തി ഒരു സൈനികകോടതി പതിന്നാലു വർഷത്തെ കഠിനതടവിനു വിധിച്ചു. കുഞ്ഞഹമ്മദ് ഹാജി സംസാരിച്ച ഒരു സമ്മേളനത്തിൽ പങ്കെടുത്തു എന്നതിന്‍റെ പേരിലാണ് നാരായണമേനോന്‍റെ മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. അദ്ദേഹത്തിന് ആ ശിക്ഷ, മുഴുവൻ കാലാവധിയും അനുഭവിക്കേണ്ടിവന്നു. 1934 സെപ്റ്റംബറിൽ മാത്രമാണ് അദ്ദേഹത്തെ ജയിലിൽനിന്ന് വിട്ടയച്ചത്.
കോൺഗ്രസ്സ് നേതാക്കളെ അറസ്റ്റ് ചെയ്യുക എന്ന ഗവൺമെന്‍റ് നയം സംഗതി കൂടുതൽ വഷളാക്കുകയാണ് ചെയ്തത്. കാരണം, സാമുദായിക വൈരത്തിന്‍റെ വേലിയേറ്റത്തെ തടഞ്ഞു നിർത്തുന്നതിന് മാപ്പിളമാരുടെമേൽ സ്വാധീനം ചെലുത്താൻ കഴിവുണ്ടായിരുന്ന കോൺഗ്രസ്റ്റുകാരെയായിരുന്നു ബ്രിട്ടീഷുകാർ ഇരുമ്പഴികൾക്കകത്ത് അടച്ചത്. 1921-ൽ അഹമ്മദാബാദിൽ വച്ചു നടന്ന കോൺഗ്രസ്സ് സമ്മേളനം ഒരു പ്രമേയം പാസ്സാക്കി. അതിലെ ആശയം ഇതായിരുന്നു:
നിസ്സഹകരണപ്രസ്ഥാനം മൂലമോ, ഖിലാഫത്ത് പ്രസ്ഥാനം മൂലമോ സംഭവിച്ചതല്ല മലബാർ കലാപം. കലാപം പൊട്ടിപ്പുറപ്പെടുന്നതിന് ഏകദേശം ആറുമാസം മുമ്പുതന്നെ അഹിംസാമാർഗ്ഗപ്രചാരകർക്ക് തങ്ങളുടെ തത്ത്വം പ്രചരിപ്പിക്കുന്നതിന് അനുവാദം നിഷേധിച്ചിരുന്നു. അന്ന് മഹാത്മാഗാന്ധി, യാക്കൂബ് ഹസ്സൻ എന്നിവരെപ്പോലെയുള്ള നിസ്സഹകരണതത്ത്വ പ്രചാരകരെ ലഹളബാധിതപ്രദേശങ്ങൾ സന്ദർശിക്കാൻ അനുവദിച്ചിരുന്നെങ്കിൽ അവർക്ക് സമാധാനം, സാഹോദര്യം, നിയമവാഴ്ച എന്നിവ പുനഃസ്ഥാപിക്കുവാൻ കഴിയുമായിരുന്നു.

മലബാർ ലഹള ഏകദേശം ആറുമാസം നീണ്ടുനിന്നു. അതിനിഷ്ഠൂരമായി ഗവൺമെന്‍റ് അത് അടിച്ചമർത്തി. പ്രത്യേകം നിർമ്മിച്ച നിയമങ്ങളുടെ അടിസ്ഥാനത്തിൽ കലാപകാരികളെ ഒരു പ്രത്യേക കോടതിയാണ് വിചാരണ ചെയ്തത്. അവരിൽ പലരെയും തൂക്കിലിടുകയോ, ആൻഡമാൻദ്വീപുകളിലേക്കു നാടുകടത്തുകയോ പത്തു മുതൽ പതിന്നാലുവരെ വർഷം നീണ്ടുനിന്ന കാലയളവുകളിലേക്ക് തടവിനു വിധിക്കുകയോ ചെയ്തു. കുഞ്ഞഹമ്മദ് ഹാജി, സീതിക്കോയതങ്ങൾ, ആലി മുസലിയാർ എന്നീ നേതാക്കളെ പിടികൂടി വെടിവച്ചു കൊന്നു. കലാപത്തിൽ പതിനായിരം പേരെങ്കിലും മരിച്ചിരിക്കും എന്നാണ് കണക്ക്. മലബാർ കലാപത്തിന്‍റെ ഉത്ഭവം, സ്വഭാവം എന്നിവയെക്കുറിച്ച സമകാലിക നിരീക്ഷകരുടെയും പില്ക്കാല ഗ്രന്ഥകാരന്മാരുടെയും അഭിപ്രായങ്ങളിൽ ഐകരൂപ്യം കാണുന്നില്ല. 1921-ലെ മലബാർ ലഹളയോടു താരതമ്യപ്പെടുത്താവുന്ന ഒരു സംഭവം അതിനു മുമ്പ് കേരളചരിത്രം രേഖപ്പെടുത്തുന്നില്ല. മലബാറിലെ 200 അംശങ്ങൾ ലഹളബാധിത മേഖലയിൽപ്പെട്ടിരുന്നു. അനേകായിരം ജനങ്ങൾ അതിൽ പങ്കെടുക്കുകയും ചെയ്തു. പ്രസ്ഥാനത്തിന്‍റെ മുന്നണിയിൽ മാപ്പിളമാരായിരുന്നതുകൊണ്ടും അവരുടെ ചെയ്തികൾക്ക് ഇരയായവർ ഹിന്ദുക്കളായതുകൊണ്ടും ബ്രിട്ടീഷ് ഗവൺമെന്‍റ് സംശയലേശമെന്യേ അതിനെ മാപ്പിളലഹള എന്നു മുദ്രകുത്തി. ഒരു സാമുദായികകലാപമെന്നതാണ് അതിലെ സൂചന. എന്നാൽ ഈ കലാപവുമായി ബന്ധപ്പെട്ട ജനങ്ങളെയും സംഭവങ്ങളെയും വ്യക്തിപരമായി അടുത്തറിയാൻ കഴിഞ്ഞിട്ടുള്ള കെ.പി.കേശവമേനോൻ ഈ വീക്ഷണത്തെ എതിർക്കുന്നു. ‘കഴിഞ്ഞകാലം’ എന്ന തന്‍റെ ആത്മകഥയില്‍ കേശവമേനോൻ രേഖപ്പെടുത്തുന്നത്, 1921-ൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിന്‍റെ ഉദ്ഭവത്തെക്കുറിച്ച് ഒരു സംശയവും വേണ്ട എന്നാണ്, പോലീസ് മർദ്ദനത്തിൽനിന്നാണ് അതു ജന്മം കൊണ്ടത്, പ്രധാന കാരണം ഖിലാഫത്ത് പ്രസ്ഥാനത്തെ അടിച്ചമർത്തുന്നതിന് അധികാരികൾ സ്വീകരിച്ച അതിക്രൂരമായ മർദ്ദനമുറകളാണ്. അല്ലാതെ ഏതെങ്കിലും ജന്മി-കുടിയാൻ സംഘട്ടനമോ, പള്ളിയെ സംബന്ധിച്ച ഏതെങ്കിലും തർക്കമോ അല്ല. പോലീസ് അതിക്രമങ്ങൾ അസഹനീയമായിത്തീർന്നപ്പോൾ അവർ അഹിംസാമാർഗ്ഗം ഉപേക്ഷിച്ച് ബലപ്രയോഗത്തെ ബലപ്രയോഗം കൊണ്ടുതന്നെ നേരിടാൻ തീരുമാനിച്ചു.

ഈ കലാപവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ ഗതി അപഗ്രഥിക്കുമ്പോൾ ആദ്യഘട്ടങ്ങളിൽ ഹിന്ദുസമുദായാംഗങ്ങളെ മാപ്പിളമാർ ഉപ്രദവിച്ചിരുന്നില്ല എന്നു കാണാൻ കഴിയും. എന്നാൽ കുറെ കഴിഞ്ഞപ്പോൾ അവർ ഹിന്ദുക്കളെ ആക്രമണങ്ങളുടെ പ്രത്യേക ലക്ഷ്യമാക്കി മാറ്റി. നിർബന്ധിച്ചു മതം മാറ്റിയതിന്‍റെയും ഹിന്ദുക്കളുടെ വസ്തുവകകളും പണവും കൊള്ളയടിച്ചതിന്‍റെയും ഉദാഹരണങ്ങളുണ്ട്. ഈ ലഹളകളിൽ പങ്കെടുത്ത മാപ്പിളമാർ ഹിന്ദു ജന്മിമാരാൽ പീഡിപ്പിക്കപ്പെട്ട കുടിയാന്മാർ ആയിരുന്നുവെന്നത് ഒരു യാഥാർത്ഥ്യം മാത്രമാണ്. ഇത് മലബാർ ലഹളയ്ക്ക് ഒരു കാർഷികകലാപത്തിന്‍റെ പരിവേഷം നൽകുവാനും കാരണമായിട്ടുണ്ട്. “മലബാറിൽ നടപ്പുള്ള ജന്മി-കുടിയാൻ സമ്പ്രദായം വർഗ്ഗീയമത്സരത്തെയും ഈ ലഹളയെയും പോഷിപ്പിക്കുവാൻ നല്ല ഒരു വളമായിത്തീർന്നിട്ടുണ്ടായിരുന്നു എന്നതിന് സംശയമില്ല" എന്നു സംഭവങ്ങൾക്ക് ദൃക്സാക്ഷിയായ കെ.മാധവൻ നായർ തന്‍റെ ‘മലബാർ കലാപ’ത്തിൽ രേഖപ്പെടുത്തുന്നു. കലാപത്തിന്‍റെ നേതാക്കളെ വേട്ടയാടുന്നതിന് പോലീസ് ജന്മിമാരുടെ സഹായം തേടി എന്നതും ഹിന്ദുക്കൾക്ക് എതിരായി മതഭ്രാന്തിന്‍റെ വക്കിൽ എത്തിനിന്ന അക്രമങ്ങളിൽ മുഴുകുന്നതിനു മാപ്പിളമാരെ പ്രേരിപ്പിച്ചു.
എന്തായാലും മതപരിവർത്തനത്തിന്‍റെ വൈപുല്യത്തെക്കുറിച്ച് വിരുദ്ധാഭിപ്രായങ്ങളാണ് നിലവിലുള്ളത്. ഒരു ആര്യസമാജപ്രവർത്തകനായ പണ്ഡിറ്റ് ഋഷിരാമിന്‍റെ റിപ്പോർട്ടനുസരിച്ച് നിർബന്ധിത മതപരിവർത്തനത്തിന്‍റെ എണ്ണം 1766 ആണ്. സ്ഥിതിവിവരക്കണക്കു ശരിക്കും ശേഖരിച്ചിരുന്നെങ്കിൽ അതിന്‍റെ സംഖ്യ 2500 കവിഞ്ഞേക്കും എന്നുകൂടി അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ഈ കണക്കിനെ പ്രത്യേകം പരാമർശിച്ചുകൊണ്ട് ഇ.എം.എസ്. നമ്പൂതിരിപ്പാട് പറയുന്നത്. അത് ഒരു സാമുദായികലഹളയാണെന്നു വരികിൽ നാലുലക്ഷം ഹിന്ദുക്കളുള്ള ഒരു പ്രദേശത്ത് 2500 എന്നത് വളരെ തുച്ഛമായ ഒരു സംഖ്യയാണെന്നാണ്. പക്ഷേ, നടന്നിട്ടുള്ള നിർബ്ബന്ധിതമതപരിവർത്തനം മതഭ്രാന്തുമൂലമാണെന്നും അഥവാ കുറെ ശതമാനമെങ്കിലും അത്തരത്തിൽ ആയിരിക്കാം എന്നുമുള്ള വസ്തുത അദ്ദേഹവും നിഷേധിക്കുന്നില്ല. എങ്കിലും ആ കലാപത്തിന്‍റെ പിന്നിലുണ്ടായിരുന്ന പ്രധാന പ്രചോദനം മതഭ്രാന്തായിരുന്നില്ല എന്നും അത് അതിന്‍റെ പരിണതഫലങ്ങളിൽ ഒന്നുമാത്രമായിരുന്നു എന്നും ഇ.എം.എസ് കൂട്ടിച്ചേർക്കുന്നു.

1921 സെപ്തംബറിൽ കോൺഗ്രസ്സ് ‘വർക്കിങ് കമ്മിറ്റി’ പാസ്സാക്കിയ പ്രമേയത്തിൽ മലബാറിന്‍റെ ചില ഭാഗങ്ങളിൽ മാപ്പിളമാർ നടത്തിയ അക്രമപ്രവർത്തനങ്ങളെക്കുറിച്ചു ദുഃഖിക്കുന്നതോടൊപ്പം ഗവൺമെന്‍റിന്‍റെ നിറം പിടിപ്പിച്ച വ്യാഖ്യാനം വിശ്വസിക്കരുതെന്ന് പൊതുജനങ്ങൾക്കു മുന്നറിയിപ്പു നല്കുകകൂടി ചെയ്യുന്നു. ഒരു പ്രാദേശിക റിപ്പോർട്ടിൽനിന്ന് ഇപ്രകാരം ഉദ്ധരിക്കുകയും ചെയ്യുന്നു. “ഇസ്ലാം മതത്തിലേക്കു നിർബന്ധിതമായി പരിവർത്തനം ചെയ്യപ്പെട്ടതെന്നു പറയപ്പെടുന്ന കുടുംബങ്ങൾ മഞ്ചേരിക്കടുത്ത സ്ഥലങ്ങളിലുള്ളവയാണ്. ഖിലാഫത്തിനെയും നിസ്സഹകരണപ്രസ്ഥാനത്തെയും എതിർത്തിരുന്ന മത്രഭാന്തരുടെ ഒരു സംഘമാണ് ഹിന്ദുക്കളുടെ മേൽ മതപരിവർത്തനം അടിച്ചേല്പിച്ചതെന്നത് വ്യക്തമാണ്. തങ്ങളുടെ അറിവിൽപെട്ടിടത്തളം അത്തരത്തിൽ മൂന്നു സംഭവങ്ങളേ നടന്നിട്ടുള്ളൂ." കേരളത്തിലെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്‍റെ ചരിത്രം (വാല്യം രണ്ട്) എന്ന പേരിൽ കേരള ഗവൺമെന്‍റിനുവേണ്ടി രചിച്ച ഇംഗ്ലീഷ് ഗ്രന്ഥത്തിൽ പ്രൊഫ.പി.കെ.കെ.മേനോൻ അപ്രകാരം നിരീക്ഷണം നടത്തുന്നു. “ആ കലാപത്തിന് സാമ്പത്തികലക്ഷ്യവും, വ്യക്തമായ പരിപാടിയും, ശരിക്കുള്ള നേതൃത്വവും ഉണ്ടായിരുന്നെങ്കിൽ നിഷ്പ്രയോജനവും നിരർത്ഥകവും നാശകാരിയുമായ ഒരു പൈശാചികതാണ്ഡവമായി അധപതിക്കുന്നതിനു പകരം അത് സമൂഹത്തിൽ വിപ്ലവാത്മകമായ പരിവർത്തനം വരുത്തുമായിരുന്നു. എന്നാൽ അത് സമാധാനപരമായ ഖിലാഫത്തുപ്രസ്ഥാനത്തെ ദുർബ്ബലപ്പെടുത്തുകയും ആത്യന്തികമായ രാഷ്ട്രീയ ലക്ഷ്യത്തിലേക്കുള്ള ഈ നാടിന്‍റെ മുന്നേറ്റത്തെ തടസ്സപ്പെടുത്തുകയും ചെയ്കയാണുണ്ടായത്. സാമൂഹികൈക്യത്തിന് ഏറ്റ മുറിവ് ഉണങ്ങാൻ സമയം കുറെ വേണ്ടി വന്നു. അഹിംസയുടെ പാത റോസാ ദളങ്ങൾ വരിച്ചതല്ല എന്ന് അതു തെളിയിക്കുകയും ചെയ്തു.”

മലബാർലഹളയ്ക്കു ശേഷം കോൺഗ്രസ്സ് സംഘടനയ്ക്ക് പൊതുജനസമിതി തുടർന്നു നിലനിർത്തിപ്പോരുന്ന കാര്യത്തിൽ ഒരു പ്രതിസന്ധിതന്നെ അഭിമുഖീകരിക്കേണ്ടി വന്നു. ഹിന്ദുക്കളുടെ ഇടയിൽ പല വിഭാഗങ്ങൾക്കും കോൺഗ്രസ്സ് സംഘടനയിൽ ഉണ്ടായിരുന്ന വിശ്വാസം നഷ്ടമായി. ഖിലാഫത്ത് പ്രസ്ഥാനത്തിനു കോൺഗ്രസ്സ് നല്കിയ പിന്തുണയാണ് കലാപകാലത്തു തങ്ങൾക്കെതിരായി ഉണ്ടായ അക്രമങ്ങൾക്കു കാരണം എന്ന് അവർ വിശ്വസിച്ചു. അതേസമയം മാപ്പിളമാർക്ക് ഉണ്ടായിരുന്ന പരാതി, പ്രസ്ഥാനത്തിൽ ചേരാൻ പ്രേരിപ്പിച്ച ശേഷം കോൺഗ്രസ്സ് തങ്ങളെ പട്ടാളത്തിന്‍റെയും പോലീസിന്‍റെയും മുന്നിൽ വിട്ടുകൊടുത്തിട്ടു രംഗത്തുനിന്നു മാറിക്കളഞ്ഞു എന്നതായിരുന്നു. ഇപ്രകാരം പടർന്നു പിടിച്ച എതിർപ്പിന്‍റെയും വൈരാഗ്യത്തിന്‍റെയും അന്തരീക്ഷത്തിൽ സംഘടനയുടെ ആഭിമുഖ്യത്തിൽ ഫലപ്രദമായ എന്തെങ്കിലും പ്രവർത്തനം മലബാറിൽ നടത്തുക പ്രയാസമാണെന്ന് കോൺഗ്രസ്റ്റുകാർ മനസ്സിലാക്കി. കൂടാതെ കലാപകാലത്ത് അറസ്റ്റ് ചെയ്യപ്പെടാതിരുന്ന കെ.പി.കേശവമേനോനെപ്പോലെയുള്ള നേതാക്കൾക്ക് സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും, തങ്ങളുടെ പതിവുപ്രവർത്തനങ്ങൾ തുടർന്നു നടത്തുന്നതിനും ബ്രിട്ടീഷ് അധികാരികൾ തടസ്സം സൃഷ്ടിച്ചു. ഇപ്രകാരം പല കാരണങ്ങളാൽ മലബാറിൽ കോൺഗ്രസ്സ് സംഘടന മിക്കവാറും നിർജ്ജീവമായിത്തീർന്നു.
നിഷ്ക്രിയമായ ഈ കാലഘട്ടത്തിലായിരുന്നു. ബിഹാറിൽ നിന്നു വന്ന കോൺഗ്രസ്സ് നേതാവായ ഡോ.സെയ്യദ് മുഹമ്മദിന്‍റെ ആദ്ധ്യക്ഷ്യത്തിൽ 1923-ൽ തലശ്ശേരിയിൽ ഖിലാഫത്ത് സമ്മേളനം നടന്നത്. രാഷ്ട്രീയ പത്രപ്രവർത്തനത്തിന്‍റെ അരങ്ങേറ്റവും ഈ കാലഘട്ടത്തിലാണ്. കോൺഗ്രസ്സിന്‍റെ സന്ദേശം സമൂഹമദ്ധ്യത്തിൽ പ്രചരിപ്പിക്കുവാൻ കെ.പി.കേശവമേനോനും മറ്റു ചില കോൺഗ്രസ്സ് അംഗങ്ങളും പണപ്പിരിവു നടത്തി 1923 മാർച്ചിൽ കോഴിക്കോട്ടുനിന്ന് ‘മാതൃഭൂമി’ പത്രം ആരംഭിച്ചു. 1924 ഒക്ടോബറിൽ കോഴിക്കോട്ടു നിന്നുതന്നെ മുഹമ്മദ് അബ്ദ്ദുൾ റഹിമാന്‍റെ പത്രാധിപത്യത്തിൽ ജനങ്ങളിൽ, വിശേഷിച്ച് മാപ്പിളമാരിൽ, ദേശീയബോധം വളർത്തണമെന്ന ലക്ഷ്യത്തോടുകൂടി അൽ-അമീൻ എന്നൊരു പത്രവും പുറപ്പെട്ടു.
ഈ കാലഘട്ടത്തിൽ മലബാറിൽ സംഭവിച്ച ശ്രദ്ധേയമായ ഒരു കാര്യം, കുടിയാൻ നിയമങ്ങൾ പരിഷ്കരിക്കുന്നതിനുവേണ്ടി-വിശേഷിച്ച് കുടിയാന്മാർക്ക് സ്ഥിരമായ അവകാശം, കുടിയിറക്കുനിരോധനം എന്നിവയ്ക്കു വേണ്ടി നടന്ന സമരമാണ്. അതിന്‍റെ നേതാക്കളിൽ പ്രമുഖരായിരുന്നു, മന്ദത്തു കൃഷ്ണൻ നായർ, കെ.പി.രാമൻ മേനോൻ, ജി.ശങ്കരൻ നായർ എന്നിവർ. മദ്രാസ് നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട മന്ദത്തു കൃഷ്ണൻനായർ പാട്ടകുടിയാൻ അവകാശങ്ങൾക്കുവേണ്ടി ഒരു ബിൽ അവതരിപ്പിച്ചുവെങ്കിലും ജന്മിമാരുടെ കടുത്ത എതിർപ്പുമൂലം അതു പാസ്സാക്കിയെടുക്കാൻ സാധിച്ചില്ല. എങ്കിലും അതു കുടിയാന്മാരുടെ നേതാക്കൾക്കും കോൺഗ്രസ്സ് നേതാക്കൾക്കും ഒരു പൊതുലക്ഷ്യത്തെ മുൻനിർത്തി ഒരുമിച്ചു പ്രവർത്തിക്കാനുള്ള മാർഗ്ഗം ഒരുക്കിക്കൊടുത്തു. കോൺഗ്രസ്സ് കുടിയാന്മാരുടെ വക്താക്കളായി മാറിയതോടെ ജന്മിമാർ കോൺഗ്രസ്സ് സംഘടനയ്ക്ക് എതിരാവുകയും, ആനുകൂല്യങ്ങൾക്കുവേണ്ടി ബ്രിട്ടീഷ് ഗവൺമെന്‍റിന്‍റെ സഹായം തേടുകയും ചെയ്തു. 1928 ഏപ്രിൽ 28-ന് എറണാകുളത്തു നടന്ന അഖില കേരള കുടിയാൻ സമ്മേളനം കുടിയാൻ നിയമങ്ങൾ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയങ്ങൾ പാസ്സാക്കി. കർഷകരുടെ ഈ അഭ്യർത്ഥന മാനിച്ച് ഗവൺമെന്‍റ് മലബാർ കുടിയാൻ നിയമം (‘ടെനൻസി ആകട്’ 1930) കൊണ്ടുവരികയുണ്ടായി.

Comments

Popular posts from this blog

ഇല്ലുമിനാറ്റി - ലോകം ഭരിക്കുന്നവർ !

ടൈം ട്രാവൽ സാധ്യമോ ?

ഇന്റർസ്റ്റെല്ലാർ സിനിമയിലെ ശാസ്ത്രം