ഇല്ലുമിനാറ്റി - ലോകം ഭരിക്കുന്നവർ !

Image
2300 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ രൂപം കൊണ്ട ഒരു നിഗൂഢമായ ഒരു സംഘം ഉണ്ടായിരുന്നു... ഇല്ലുമിനാറ്റികൾ എന്ന് കേൾക്കുമ്പോൾ നമ്മൾ ആദ്യം ചിന്തിക്കുന്നത് അത് ഏതോ യൂറോപ്യൻ അധോലോകത്തിന്റെ വലിയ ഒരു സംഭവമാണ് എന്നായിരിക്കാം. എന്നാൽ ഇല്ലുമിനാറ്റി എന്ന നിഗൂഡമായ പ്രസ്ഥാനം പോലെ ആദ്യമായി ഉണ്ടായതിൽ ഒന്ന് നമ്മൾ ഇന്ത്യക്കാരുടെ തന്നെയാണ് എന്ന് കേൾക്കുമ്പോൾ നമ്മൾ ചിലപ്പോൾ ആശ്ചര്യപ്പെട്ടു പോയേക്കാം. ഇതിനെ കുറിച്ചു ലഭ്യമായ തെളിവുകൾ ആദ്യമായി എഴുതിയത് ഒരു ഫ്രഞ്ച് എഴുത്തുകാരൻ ആണ് ,അതിനു ശേഷം ഇന്ത്യയിൽ 25 വർഷം ജോലി ചെയ്ത ബ്രിട്ടീഷ്‌ പോലീസ് ഓഫീസറായാ ടാൽബോട് മുണ്ടി ഇതിനെ കുറിച്ചു കുറേയേറെ സത്യവും മിഥ്യയും ചേർത്തു ഒരു പുസ്തകം നോവൽ രൂപത്തിൽ എഴുതിയിട്ടുണ്ട്.  പിതാവായ ചന്ദ്രഗുപ്ത്തനേ പോലെ ഈ ലോകം മുഴുവൻ കീഴടക്കുവാൻ മഹാനായ അശോക ചക്രവർത്തി തിരുമാനിച്ചു. അങ്ങനെ കലിംഗ കീഴടക്കുവാൻ പുറപ്പെട്ട അശോക ചക്രവർത്തിക്ക് കലിഗ നിവാസികളുടെ ഭാഗത്ത് നിന്നും അതിരൂക്ഷമായ ചെറുത്ത് നില്പ് നേരിടേണ്ടി വന്നു. ആ യുദ്ധത്തിൽ ഏകദേശം ഒരുലക്ഷത്തില്പരം പുരുഷമാർ മരിച്ചു വീണതായി കരുതുന്നു. യുദ്ധാനന്തരം പോർമുഖം സന്ദർശിച്ച ചക്രവർത്തി അവിടെ കണ്ട കാഴ്ച

പ്രപഞ്ച ഉല്പത്തി

എന്താണ് പ്രപഞ്ചം ?

ഭൗതികമായി നിലനിൽക്കുന്ന എല്ലാം ചേർന്നതാണ് പ്രപഞ്ചം. സമ്പൂർണമായ സ്ഥലവും സമയവും, എല്ലാ രൂപത്തിലുമുള്ള ദ്രവ്യവും, ഊർജ്ജവും ഗതിയും, ഭൗതിക നിയമങ്ങളും അവയുടെ അളവുകളുമെല്ലാം അതിൽ ഉൾപ്പെടുന്നു. എവിടെയെല്ലാം ദ്രവ്യമുണ്ടോ, ദ്രവ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലുമുണ്ടോ അവിടമെല്ലാം പ്രപഞ്ചത്തിന്റെ ഭാഗമാണ്. എല്ലാ ദ്രവ്യവും ദ്രവ്യരൂപങ്ങൾക്കിടയിലുള്ളതും അവയ്ക്കു ചലിക്കുവാൻ വേണ്ടതുമായ സ്ഥലവും ചേർന്നതാണ് പ്രപഞ്ചം.

പ്രപഞ്ചം എങ്ങനെ ഉണ്ടായി ? എപ്പോൾ ഉണ്ടായി ? തുടങ്ങിയ ചോദ്യങ്ങൾ പിറന്നിട്ട് കാലങ്ങൾ കുറേയായി. വളരെ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ പ്രപഞ്ചം സ്ഥിരമാണെന്ന് വിശ്വസിച്ചവരും പ്രപഞ്ചത്തിന് തുടക്കമുണ്ടായിരുന്നുവെന്ന് വിശ്വസിച്ചവരുമുണ്ടായിരുന്നു. നൂറ്റാണ്ടുകൾക്ക് മുന്നേ പ്രപഞ്ചത്തിന് ഉത്ഭവമുണ്ടെന്ന് മനുഷ്യരെ പഠിപ്പിച്ചത് ചില മതങ്ങളായിരുന്നു. പ്രപഞ്ചം എന്നെന്നും നിലനിന്നിരുന്നുവെന്നും അതിന് ആരംഭമില്ലെന്നും വാദിച്ചുകൊണ്ടിരുന്ന വിവിധതരം ഭൗതികവാദ ആശയങ്ങള്‍ക്ക് ഇടയിൽ പ്രപഞ്ചത്തിന് നിശ്ചിതമായൊരു ആരംഭമുണ്ടെന്ന് മതങ്ങൾ സിദ്ധാന്തിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെയും വലിയൊരു വിഭാഗം ശാസ്ത്രജ്ഞന്മാര്‍ പ്രപഞ്ചത്തിന് ആരംഭമില്ലെന്ന വീക്ഷണം ശാസ്ത്രീയമാണെന്ന് വിശ്വസിച്ചിരുന്നു. പ്രപഞ്ചത്തിന്റെ ഉത്ഭവം, വികാസം, പരിണാമം, ഭാവി എന്നിവയെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രശാഖയാണ് പ്രപഞ്ചവിജ്ഞാനീയം അഥവാ കോസ്മോളജി (Cosmology). ഇപ്പോള്‍ കോസ്‌മോളജിസ്റ്റുകള്‍ക്കിടയിൽ ഏറ്റവും അംഗീകൃതമായ സിദ്ധാന്തമാണ് മഹാവിസ്ഫോടന സിദ്ധാന്തം അഥവാ "ബിഗ് ബാങ് തിയറി" (Big bang theory). 

തുടക്കവും ഒടുക്കവും ഇല്ലാത്ത സ്ഥിരമായ പ്രപഞ്ചത്തെപ്പറ്റി പ്രാചീനകാലത്തു തന്നെ അരിസ്റ്റോട്ടിൽ ഉൾപ്പെടെ പലരും ചിന്തിച്ചിരുന്നു. എന്നാൽ ജൂത, ക്രിസ്ത്യൻ, മുസ്ലിം മതവിശ്വാസികൾക്ക് ഇത് അംഗീകരിക്കാനാവില്ലായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ "ഇറാസ്മസ് ഡാർവിൻ" ചാക്രികമായി വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന പ്രപഞ്ചം എന്ന ആശയം കൊണ്ടുവന്നു. ഒരു ബിന്ദുവിൽ നിന്ന് തുടങ്ങുകയും വികസിച്ച് ഒരു പരിധിയെത്തുമ്പോൾ ചുരുങ്ങിത്തുടങ്ങുകയും ഈ പ്രക്രിയ ആവർത്തിക്കുകയും ചെയ്യുന്ന പ്രപഞ്ചത്തെക്കുറിച്ച്‌ പത്തൊമ്പതാം നൂറ്റാണ്ടിൽ "എഡ്ഗർ അലൻ പോ" എഴുതിയിരുന്നു. എന്നാൽ ഇത് ശാസ്ത്രീയമായിരുന്നുവെന്ന് അദ്ദേഹം പോലും അവകാശപ്പെട്ടിരുന്നില്ല, എങ്കിലും ഇതെല്ലാം ഒരുപക്ഷേ മഹാവിസ്ഫോടന സിദ്ധാന്തം ഉണ്ടാകുന്നതിന് സഹായിച്ചിരിക്കാം.

ഏകദേശം 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ (Albert Einstein) എന്ന ശാസ്ത്രജ്ഞന്‍ ആപേക്ഷിക സിദ്ധാന്തം എന്ന ഒരു പ്രധാന സിദ്ധാന്തം പുറത്തിറക്കി ലോകത്തെ ഞെട്ടിച്ചു. ഐന്‍സ്റ്റീന്‍ന്റെ ആപേക്ഷിക സിദ്ധാന്തത്തിന്റെ സമവാക്യങ്ങള്‍ വിരല്‍ചൂണ്ടിയത് ഈ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നുവെന്ന സത്യത്തിലേക്കായിരുന്നു. പക്ഷെ ഇത് അദ്ദേഹത്തെ വളരെയധികം ചിന്താകുഴപ്പത്തിലാക്കി. പ്രപഞ്ചത്തിനു ഒരു തുടക്കമുണ്ടായിരുന്നു എന്നത് നല്ല കാര്യമല്ലെ അതിനെന്താ ഇത്ര ചിന്തിച്ച് വിഷമിക്കേണ്ട കാര്യം? കാര്യമുണ്ട് ചിന്തിക്കുന്നവര്‍ക്കും, ബുദ്ധിമാന്‍മാര്‍ക്കും ഇതൊരു കടിച്ചാല്‍ പൊട്ടാത്ത വിഷയമാണ്.

കാരണങ്ങള്‍ ഇല്ലാതെ ഈ പ്രപഞ്ചത്തില്‍ ഒന്നും തന്നെ നിര്‍മിക്കപ്പെടുന്നില്ല. ഒരു നക്ഷത്രം പൊട്ടിത്തെറിക്കുന്നതിനു പിന്നില്‍ ഒരു കാരണമുണ്ട്. ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടാക്കുവാനും തകര്‍ക്കുവാനും ഒരു കാരണവും ബാഹ്യശക്തിയുടെ ഇടപെടലുമുണ്ട്. ഇപ്രകാരം നാം കാണുന്ന എല്ലാകാര്യങ്ങളുടേയും പിന്നില്‍ മാനുഷീകമോ അല്ലാത്തതോ ആയ ഒരു ശക്തിയോ രാസപ്രവര്‍ത്തനങ്ങളോ അങ്ങനെ എന്തെങ്കിലും ഒരു കാരണം കാണും. ഒരു കാരണവും കൂടാതെ ഒന്നും ഒരിക്കലും ഉണ്ടാവുകയില്ല. അങ്ങനെയെങ്കില്‍ പ്രപഞ്ചത്തിന് ഒരു തൂടക്കമുണ്ടെങ്കില്‍ തീര്‍ച്ചയായും അതിന് പിന്നില്‍ ഒരു കാരണവും കാണില്ലേ..???

ഈ വിഷയമാണ് ഐന്‍സ്റ്റീനെ വിഷമിപ്പിക്കുവാന്‍ കാരണം. പക്ഷേ ഐൻസ്റ്റീന് പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടെന്ന സത്യം അംഗീകരിക്കുവാന്‍ വിഷമമുള്ളത്‍ കൊണ്ട് മനപൂര്‍വ്വം തുടക്കവും ഒടുക്കവും ഇല്ലാത്ത സുസ്ഥിരമായ ഒരു പ്രപഞ്ചം എന്ന ആശയസങ്കല്‍പം സ്വീകരിക്കുവാനാണ് അദ്ദേഹം കൂടുതല്‍ താല്‍പര്യം കാണിച്ചത്.

1920 ൽ ഒരു പൂരോഹിതന്‍ കൂടിയായിരുന്ന ബെല്‍ജിയംകാരനായ ജ്യോതിശാസ്ത്രജ്ഞൻ "ജോര്‍ജ്ജ് ലെമൈറ്റര്‍" (George lemaitre) ആണ് പ്രപഞ്ചം വികസിച്ചു കൊണ്ടിരികുകയാണ് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. ഈ ആശയത്തെ കളിയാക്കിക്കൊണ്ട് പ്രഗൽഭ ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനായ ഫ്രെഡ് ഹോയ്ൽ ഇതിന് നൽകിയ പേരാണ് പിൽക്കാലത്ത് പ്രശസ്തമായിത്തീർന്ന 'ബിഗ് ബാങ്ങ്' അഥവാ മഹാവിസ്ഫോടനം എന്നത്. 1927ൽ ലെമൈറ്റർ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു എന്ന തന്റെ സിദ്ധാന്തം കൊണ്ടുവരികയും അകലത്തുള്ള ചില ഖഗോള വസ്തുക്കളിൽ കണ്ട ചുവപ്പ് നീക്കം അഥവാ റെഡ് ഷിഫ്റ്റ് (Red shift) വിശദീകരിക്കുകയും ചെയ്തു. എല്ലാ ദിക്കുകളിലും കാണുന്ന നക്ഷത്രസമൂഹങ്ങൾ ഭൂമിയിൽ നിന്ന് അകന്നുകൊണ്ടിരിക്കയാണെന്ന 1929 ലെ എഡ്വിൻ ഹബ്ൾ (Edwin Hubble) എന്ന ശാസ്ത്രഞ്ജന്റെ കണ്ടെത്തെൽ ലെമൈറ്ററിന്റെ സിദ്ധാന്തത്തിന് പിൻബലം നൽകി. എഡ്വിന്‍ ഹബ്ബിളിന്റെ ആ കണ്ടെത്തലുകള്‍ ശാസ്ത്രലോകത്തിന്റെ ചില ധാരണകള്‍ മാറ്റിക്കുറിക്കുന്നതായിരുന്നു. ഗാലക്സികള്‍ തമ്മില്‍ അകന്നുകൊണ്ടിരിക്കുന്നുവെന്ന സത്യമായിരുന്നു അത്. ഐന്‍സ്റ്റീനിന്റെ, പ്രപഞ്ചം സ്ഥിരമായി നില്‍ക്കുന്നുവെന്ന ചിന്തക്ക് ഈ കണ്ടുപിടുത്തം ഒരു വിലങ്ങുതടിയായി. ഐന്‍സ്റ്റീന്റെ സിദ്ധാന്തവും ഹബ്ബിളിന്റെ നിരീക്ഷണ പരീക്ഷണമായ നക്ഷത്രങ്ങള്‍ തമ്മില്‍ അകന്നുകൊണ്ടിരിക്കുന്നു എന്ന കണ്ടെത്തലും തമ്മില്‍ ചേരാതെ വന്നു. പ്രപഞ്ചം ഒരു വിസ്ഫോടനത്തിൽ നിന്നാണ് ആരംഭിച്ചതെന്ന ആശയം ഇതേത്തുടർന്നാണ് 1939ൽ ലെമൈറ്റർ മുന്നോട്ടു വയ്ക്കുന്നത്.

മഹാവിസ്ഫോടന സിദ്ധാന്തത്തിന്റെ ഏറ്റവും വലിയ വിമർശകരിൽ ഒരാളായിരുന്നു ഫ്രെഡ് ഹോയ്ൽ. ബിഗ് ബാങ് മാതൃകയ്ക്ക് ബദലായി ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഫ്രെഡ് ഹോയ്ൽ, ബ്രിട്ടീഷ്-ആസ്‌ട്രിയൻ ശാസ്ത്രജ്ഞനായ ഹെർമ്മൻ ബോണ്ടി, ആസ്‌ട്രിയൻ-അമേരിക്കൻ ശാസ്ത്രജ്ഞനായ തോമസ് ഗോൾഡ് തുടങ്ങിയവർ 1948ൽ വികസിപ്പിച്ച പ്രപഞ്ച മാതൃകയാണ് സ്ഥിരസ്ഥിതി സിദ്ധാന്തം (Steady state theory). പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും നക്ഷത്രസമൂഹങ്ങൾ പരസ്പരം അകന്നുകൊണ്ടിരിക്കയാണെന്നുമുള്ള കണ്ടുപിടിത്തത്തിൽ നിന്നാണ് മഹാവിസ്ഫോടന മാതൃകയുടെ തുടക്കം. ഇപ്പോൾ വികസിച്ചുകൊണ്ടിരിക്കയാണെങ്കിൽ ഒരു കാലത്ത് പ്രപഞ്ചത്തിലെ ദ്രവ്യമെല്ലാം ഒരുമിച്ചുകൂടി ആയിരിക്കണമല്ലോ ഇരുന്നത്, എന്ന ആശയത്തിൽ നിന്നാണ് മഹാവിസ്ഫോടന മാതൃക ആരംഭിക്കുന്നത്. എന്നാൽ പ്രപഞ്ചം എക്കാലത്തും ഇന്നു കാണുന്നതുപോലെ തന്നെ ആയിരുന്നു എന്നാണ് സ്ഥിരസ്ഥിതി മാതൃക സങ്കല്പിക്കുന്നത്. അങ്ങനെ ആവണമെങ്കിൽ വികാസത്തിന്റെ ഫലമായി അകന്നു പോകുന്ന നക്ഷത്രസമൂഹങ്ങളുടെ സ്ഥാനത്ത് പുതിയവ ഉണ്ടാകണമല്ലോ. ഇല്ലെങ്കിൽ കാലം കഴിയുംതോറും നക്ഷത്രസമൂഹങ്ങളെല്ലാം ഒറ്റപ്പെട്ടു പോകും. അത് വിശദീകരിക്കാൻ ശൂന്യതയിൽ നിന്ന് ദ്രവ്യം ഉണ്ടാകുന്ന ഒരു പ്രക്രിയ സങ്കല്പിക്കുകയാണ് സ്ഥിരസ്ഥിതി സിദ്ധാന്തം ചെയ്തത്. അങ്ങനെ രണ്ട് മാർഗങ്ങളിലൂടെയാണ് മഹാവിസ്ഫോടനസിദ്ധാന്തവും സ്ഥിരസ്ഥിതി സിദ്ധാന്തവും പ്രപഞ്ചത്തിന്റെ പരിണാമം വിശദീകരിക്കാൻ ശ്രമിച്ചത്.

ബോണ്ടിയും ഗോൾഡും ദ്രവ്യമുണ്ടാകുന്നതെങ്ങനെ എന്നു വിശദീകരിക്കാൻ ശ്രമിച്ചില്ല. പക്ഷേ ഹോയ്‌ൽ അതിനൊരു പ്രക്രിയ മുന്നോട്ടു വച്ചു. C-മണ്ഡലം (Creation field/C-field) എന്നൊരു ആശയത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു അത്. ഈ മണ്ഡലത്തിന്റെ ഋണമർദ്ദം (negative pressure) ദ്രവ്യം സൃഷ്ടിക്കുന്നതിനും പ്രപഞ്ചത്തിന്റെ വികാസം നിലനിർത്തുന്നതിനും സഹായിക്കുന്ന തരത്തിലാണ് അദ്ദേഹം വിഭാവന ചെയ്തത്. ആദ്യകാലത്ത് മഹാവിസ്ഫോടന മാതൃകയ്ക്ക് നല്ലൊരു ബദലായിരുന്നു സ്ഥിരസ്ഥിതി മാതൃക. 1950കളിലും 1960കളിലും സ്ഥിരസ്ഥിതി മാതൃകയെ അനുകൂലിക്കുന്ന ശാസ്ത്രജ്ഞന്മാർ ധാരാളമുണ്ടായിരുന്നു. എന്നാൽ 1960കളുടെ അന്ത്യത്തിൽ കോസ്മിക് മൈക്രോവേവ് പശ്ചാത്തല വികിരണത്തിന്റെ കണ്ടുപിടിത്തത്തോടെ സ്ഥിരസ്ഥിതി മാതൃകക്കുള്ള പിന്തുണ വളരെ കുറഞ്ഞു. പ്രപഞ്ചത്തിന്റെ ഉല്പത്തിയെ കുറിച്ച് വിവരം തരുന്ന കോസ്മിക് മൈക്രോവേവ് ബാക്ക്ഗ്രൗണ്ട് റേഡിയേഷൻ (Cosmic microwave background radiation) ഈ മൈക്രോവേവ് തരംഗത്തിലാണ് വരുന്നത്. മൈക്രോവേവ് വികിരണത്തിന്റെ ഉത്ഭവം വിശദീകരിക്കാൻ സ്ഥിരസ്ഥിതി മാതൃകയ്ക്ക് കഴിഞ്ഞില്ല.

മാത്രമല്ല ക്വാസാറുകൾ (Quasars) തുടങ്ങിയുള്ള ചില പുതിയ ഖഗോള വസ്തുക്കളുടെ കണ്ടുപിടിത്തം ഈ മാതൃകയ്ക്ക് പ്രതികൂലമായി വരികയും ചെയ്തു. നിരീക്ഷണങ്ങളിൽ നിന്ന് ലഭിച്ച തെളിവുകൾ കൂടുതലും മഹാവിസ്ഫോടന സിദ്ധാന്തത്തെ അനുകൂലിക്കുന്നതായിരുന്നു. ജോർജ്ജ് ഗാമോവ് (George Gamow) എന്ന ശാസ്ത്രജ്ഞൻ ലെമൈറ്ററിന്റെ സിദ്ധാന്തം കൂടുതൽ വികസിപ്പിക്കുകയും അദ്ദേഹത്തിന്റെ കൂട്ടാളികളായ റാൽഫ് ആൽഫറും (Ralph Alpher) ഹാൻസ് ബെതെയും (Hans Bethe) ചേർന്ന് പരഭാഗവികിരണത്തിന്റെ ഉത്ഭവം വിശദീകരിക്കുകയും ചെയ്തത് സ്ഥിരസ്ഥിതി സിദ്ധാന്തം മിക്കവരും ഉപേക്ഷിക്കുന്നതിന് ഇടയാക്കി. ഈവക കാരണങ്ങളാൽ സ്ഥിരസ്ഥിതി മാതൃകയ്ക്ക് ശാസ്ത്രസമൂഹത്തിലുണ്ടായിരുന്ന പിന്തുണ വളരെയധികം നഷ്ടപ്പെട്ടു. അങ്ങനെ ഇന്നത്തെ നിലയ്ക്ക് സ്ഥിരസ്ഥിതി സിദ്ധാന്തത്തിന് കോസ്മോളജിയിൽ വലിയ സ്ഥാനമില്ല. ആദ്യകാലങ്ങളിൽ മഹാവിസ്ഫോടന സിദ്ധാന്തത്തിന് ഒരു ബദലാവുകയും അങ്ങനെ പഠനങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തുവെന്നതാണ് സ്ഥിരസ്ഥിതി സിദ്ധാന്തത്തിന്റെ പ്രാധാന്യം. നിലവിൽ സ്ഥിരസ്ഥിതി സിദ്ധാന്തം പൊതുവിൽ ശാസ്ത്രജ്ഞർ അംഗീകരിക്കുന്നില്ല.

ഇന്ന് ശാസ്ത്രലോകത്ത് പൊതുവായി അംഗീകാരം ലഭിച്ചിട്ടുള്ളത് 'ബിഗ് ബാങ് തിയറി' അഥവാ മഹാവിസ്ഫോടന സിദ്ധാന്തത്തിനാണ്. മഹാവിസ്ഫോടനത്തിനു ശേഷം എന്തെല്ലാം സംഭവിച്ചുവെന്ന് ഏകദേശമായി അനുമാനത്തിലൂടെ മനസ്സിലാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഏതാണ്ട് 1382 കോടി വർഷം മുമ്പായിരിക്കണം ബിഗ് ബാങ് അഥവാ മഹാവിസ്ഫോടനം സംഭവിച്ചത്. അതിനു മുമ്പ് 'ഭൂമിയില്ല, നക്ഷത്രങ്ങളില്ല, ബഹിരാകാശമില്ല, ശൂന്യത എന്നു പോലും പറയാനാവില്ല, കാരണം ശൂന്യമാവാൻ ഒരു സ്ഥലമെങ്കിലും വേണ്ടേ. സ്ഥലമില്ല, വായുവില്ല, ശബ്ദമില്ല'. ഈ അവസ്ഥയിൽ ഒരു വിസ്ഫോടനം. പക്ഷെ അത് ക്വാണ്ടം ബലതന്ത്രപരമായ (Quantum mechanics) ഒരു സാധ്യത മാത്രമാണ്. പ്രപഞ്ചോൽപ്പത്തി പോലുള്ള കാര്യങ്ങൾ നമ്മുടെ ദൈനംദിന അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കാനാകുമെന്ന് പ്രതീക്ഷിക്കരുത്. സാധാരണ ഭാഷയിൽ അതു വിശദീകരിക്കാൻ എളുപ്പമല്ല.

സ്ഫോടനസമയത്ത് ഊഷ്മാവ് വളരെ ഉയർന്നതായിരുന്നിരിക്കണം ഏതാണ്ടു 10^35 ഡിഗ്രി സെൽഷ്യസ്. ആ സ്ഫോടനത്തിൽ നിന്ന് പ്രവഹിച്ചത് ഊർജ്ജവികിരണമായിരുന്നു. അതിൽ നിന്നാണത്രെ നാമിന്നു കാണുന്ന എല്ലാ വസ്തുക്കളും ഉണ്ടായത്. ഐൻസ്റ്റൈന്റെ പ്രശസ്തമായ സമവാക്യം പറയുന്നത് ഊർജ്ജം പദാർത്ഥമായും മറിച്ചും മാറാമെന്നാണല്ലോ. അനന്തമെന്നു പറയാവുന്നത്ര ഊർജ്ജം പ്രവഹിക്കുന്നതനുസരിച്ച് പ്രപഞ്ചം വികസിച്ചു.

10^-42 സെക്കന്റ് സമയത്തിനു പ്ലാങ്ക് സമയം (Planck time) എന്നു പറയുന്നു. വിസ്ഫോടനം ആരംഭിച്ച് ഇത്രയും സമയം കഴിയുന്നതു വരെ എന്തു സംഭവിച്ചിരിക്കാം എന്നത് വ്യക്തമല്ല. ഭൗതികശാസ്ത്രത്തിലെ ശക്തബലം (Strong force), ദുർബല ബലം (Weak force), ഗുരുത്വാകർണബലം (Gravitational force), വൈത്യുതകാന്തികബലം (Electromagnetic force) തുടങ്ങിയ നാലു പ്രാഥമിക ബലങ്ങൾ ആ സമയത്ത് വ്യത്യസ്തമായി നിലനിന്നിരിക്കാൻ സാദ്ധ്യതയില്ല എന്നാണ് വിശ്വസിക്കുന്നത്. ഇതെല്ലാം ചേർന്ന് ഒരൊറ്റ ബലമായിട്ടായിരിക്കണം സ്ഥിതിചെയ്തിരുന്നത്. മേല്പറഞ്ഞ പ്ലാങ്ക് സമയത്തിനു ശേഷം സംഭവിച്ചിരിക്കാവുന്ന കാര്യങ്ങൾ എന്തെല്ലാമാവാമെന്ന് ഏകദേശമായെങ്കിലും അനുമാനത്തിലൂടെ നമുക്കറിയാം.

ഒരു പ്ലാങ്ക് സമയം കഴിഞ്ഞപ്പോൾ ഗുരുത്വാകർഷണ ബലം മാത്രം പ്രത്യേകമായി കാണപ്പെട്ടു തുടങ്ങിയിരിക്കണം. 10^-36 സെക്കന്റ് സമയം കഴിഞ്ഞായിരിക്കണം പരമാണു കേന്ദ്രത്തിലെ കണങ്ങളെ ഒരുമിച്ചു നിർത്തുന്ന ദൃഢബലം പ്രത്യക്ഷപ്പെട്ടത്. അപ്പോഴേക്ക് പ്രപഞ്ചം കുറേ തണുത്തിരിക്കണം ഏതാണ്ടു 10^26 ഡിഗ്രി സെൽഷ്യസ് വരെ. ഇത്രവളരെ ഊർജ്ജം ഉൾ‍ക്കൊള്ളുന്ന പ്രപഞ്ചത്തിന്റെ അപ്പോഴത്തെ വലിപ്പം ഒരു പരമാണുവിന്റെ അത്രപോലും ഇല്ലായിരുന്നിരിക്കണം. ഈ അതിസൂക്ഷ്മ പ്രതിഭാസത്തിന്റെ വികസിത രൂപമത്രെ നാമിന്നു കാണുന്ന പ്രപഞ്ചം..!!

തുടർന്ന് പ്രപഞ്ചം കുറച്ചു സമയം കൊണ്ട് വളരെയധികം വികസിച്ചു എന്നാണ് സിദ്ധാന്തങ്ങൾ സൂചിപ്പിക്കുന്നത്. ഏതാണ്ട് 10^-31 സെക്കന്റ് കഴിഞ്ഞപ്പോഴേക്കും പ്രപഞ്ചത്തിന്റെ വലിപ്പം ഒരു ഓറഞ്ചിന്റെ അത്രയും ആയിട്ടുണ്ടാവണം. ഈ സമയത്ത് പ്രോട്ടോൺ, ന്യൂട്രോൺ തുടങ്ങിയവയുടെ ഘടകങ്ങളായ ക്വാർക്കുകൾ (Quarks) ഉണ്ടായിരിക്കണം. കൂടാതെ പ്രകാശത്തിന്റെ കണികയായ ഫോട്ടോണുകളും ധാരാളം ഉണ്ടായിട്ടുണ്ടാവണം. ഏതാണ്ട് ഒരു സെക്കന്റിന്റെ പത്തു ലക്ഷത്തിലൊന്നു സമയം വരെ ഈ പ്രക്രിയ തുടർന്നിരിക്കണം. അപ്പോഴേക്കും പ്രപഞ്ചത്തിന്റെ ഊഷ്മാവ് അനേകകോടി മടങ്ങ് കുറഞ്ഞിരിക്കണം. ഏതാണ്ട് പത്തുലക്ഷം കോടി ഡിഗ്രി വരെ. അതിനിടെ ഇന്നു നാം കാണുന്ന എല്ലാ തരം കണികകളും ഉത്ഭവിച്ചിരിക്കണം.

തുടർന്നുള്ള പരിണാമം താരതമ്യേന ലളിതമായി അനുമാനത്തിലൂടെ മനസ്സിലാക്കാം. വികാസത്തിന്റെ ഫലമായി പ്രപഞ്ചം തണുത്തു. സ്ഫോടനം കഴിഞ്ഞ് നൂറ് സെക്കന്റിനും മുന്നൂറ് സെക്കന്റിനും ഇടയ്ക്ക് ഹൈഡ്രജൻ, ഹീലിയം എന്നീ മൂലകങ്ങളുണ്ടായി. മറ്റു മൂലകങ്ങളും ഉണ്ടായെങ്കിലും അവയുടെ അളവ് തീർത്തും നേരിയതായിരുന്നു. ഗുരുത്വാകർഷണബലം കാരണം പരമാണുക്കൾ പരസ്പരം ആകർഷിക്കുകയും അവ മേഘങ്ങളേപ്പോലെ ഒരുമിച്ചു കൂടുകയും ചെയ്തു. അനേകം ഹൈഡ്രജൻ പരമാണുക്കൾ ഒത്തുചേർന്ന് ചിലയിടങ്ങളിൽ സാന്ദ്രത വർദ്ധിച്ചപ്പോൾ ഗുരുത്വാകർഷണ ബലവും വർദ്ധിച്ചു. അങ്ങനെ നക്ഷത്രങ്ങളുണ്ടായി. നക്ഷത്രങ്ങളിലാണു ഭാരം കൂടിയ മൂലകങ്ങളുണ്ടായത്. സൂപ്പർനോവ പോലുള്ള നക്ഷത്ര വിസ്ഫോടനങ്ങളിലൂടെ ഈ മൂലകങ്ങൾ പുറത്തുവന്നു. ഇത്തരം മൂലകങ്ങളെല്ലാം കൂടിച്ചേർന്നാണു നമ്മുടെ സൗരയൂഥമുണ്ടായത്. ഒരുപക്ഷേ ഇതുപോലെ അനേകം സൗരയൂഥങ്ങൾ പ്രപഞ്ചത്തിലുണ്ടായിരിക്കാം.

മഹാവിസ്ഫോടനത്തോടെ തുടങ്ങിയ വികസനം പ്രപഞ്ചം ഇപ്പൊഴും തുടരുന്നു എന്നതിന് ധാരാളം തെളിവുകൾ ലഭിച്ചിട്ടുണ്ട്. പ്രപഞ്ചത്തിലുള്ള ദ്രവ്യത്തിന്റെ ഗുരുത്വാകർഷണം മൂലം ഈ വികാസത്തിന്റെ വേഗത കുറഞ്ഞു വരികയും ഒടുവിൽ നിലയ്ക്കുകയും ചെയ്യുമെന്ന് കരുതിയിരുന്നു. വികാസം നിലച്ചാൽ ഗുരുത്വാകർഷണം മൂലം നക്ഷത്രസമൂഹങ്ങളെല്ലാം കൂടിച്ചേരുകയും ഒരുപക്ഷേ വീണ്ടുമൊരു മഹാവിസ്ഫോടനത്തിൽ കലാശിക്കുകയും ചെയ്യാമെന്നാണ് ചില ശാസ്ത്രജ്ഞരെങ്കിലും കരുതിയിരുന്നത്. എന്നാൽ പ്രപഞ്ചം വികസിക്കുന്നതിന്റെ വേഗത കൂടിക്കൊണ്ടിരിക്കുകയാണെന്ന ഈ അടുത്ത കാലത്തുള്ള കണ്ടെത്തൽ ഈ വിശ്വാസത്തിനെ തകിടം മറിക്കാൻ സാദ്ധ്യതയുണ്ട്. പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകൾ മാറ്റേണ്ട കാലമായി എന്നതിനുള്ള സൂചനയായിരിക്കാം ഇത്.

മഹാവിസ്ഫോടനത്തിന് മുമ്പ് എന്ത്..? എന്ന ചോദ്യം ശാസ്ത്രജ്ഞൻമാരെ വളരെ കുഴയ്ക്കുന്ന ഒരു പ്രഹേളികയാണ്. പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു അനുമാനം, പ്രപഞ്ചം ചുരുങ്ങി അതിഗാഢമായ ഒരു ബിന്ദുവിൽ വരികയും പിന്നീട് പൊട്ടിത്തെറിക്കുകയും വീണ്ടും വികസിച്ച് ഒരു അളവ് കഴിയുമ്പോൾ വീണ്ടും ചുരുങ്ങിത്തുടങ്ങുകയും ചെയ്യുമെന്നതാണ്. ഒരു സ്പ്രിങ്ങിന്റെ ആന്ദോളനത്തോട് ഈ പ്രാപഞ്ചിക ചലനത്തെ ഉപമിക്കാം. വീണ്ടും വീണ്ടും ഉണ്ടാകുകയും നശിക്കുകയും ചെയ്യുന്ന പ്രപഞ്ചം എന്ന ആശയം ആദ്യം സങ്കല്പിച്ചത് ഹൈന്ദവ മതത്തിലായിരുന്നിരിക്കണം. സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ മഹാവിസ്ഫോടന സിദ്ധാന്തവും മറ്റ് ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളും സ്റ്റീഫൻ ഹോക്കിങ് തന്റെ "എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം" എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

Comments

Popular posts from this blog

ഇല്ലുമിനാറ്റി - ലോകം ഭരിക്കുന്നവർ !

ടൈം ട്രാവൽ സാധ്യമോ ?

ഇന്റർസ്റ്റെല്ലാർ സിനിമയിലെ ശാസ്ത്രം